തെഹ്‌റാന്‍ – ലെബനോനിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സയ്യിദ് മുഹമ്മദ് റിസ മൂസവി, അലി റിസ ബയാസാർ, മജീദ് ഹുസൈനി കുന്ദ്‌സർ, ഹുസൈൻ അഹ്‌മദ്ലോ, അഹ്മദ് റസൂലി, അമീർ മുറാദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവർ നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, റെവല്യൂഷണറി ഗാർഡിലെ ഇവരുടെ റാങ്കുകളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതോടൊപ്പം തെക്കൻ ലെബനോനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പാരാമെഡിക്കുകൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സൗതർ അൽഗർബിയ, ഹനിയ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ഉണ്ടായത്.
ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇസ്രായിൽ സൈന്യം അറിയിച്ചു. തെക്കൻ ലെബനോനിലുണ്ടായ മറ്റ് രണ്ട് സംഭവങ്ങളിലായി ആറ് സൈനികർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഇസ്രായിൽ പ്രദേശങ്ങൾക്ക് നേരെ പുതിയ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. യെമനിൽ നിന്ന് ഹൂത്തികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ആർക്കും പരിക്കേൽക്കാതെ തടഞ്ഞതായി ഇസ്രായിൽ സൈന്യം വ്യക്തമാക്കി. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഹൂത്തികൾ ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം നടത്തുന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്.



