ജിദ്ദ – മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണിത്. ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച എല്ലാ തരം വിസിറ്റ് വിസകളിലും ഉംറ വിസകളിലും ട്രാന്‍സിറ്റ് വിസകളിലും ഫൈനല്‍ എക്‌സിറ്റ് വിസകളിലും രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലൂടെ രാജ്യം വിടാവുന്നതാണ്.
ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച വിസിറ്റ് വിസകള്‍ ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്. ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി നിയമാനുസൃത ഫീസ് അടച്ച് വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്തവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഏപ്രില്‍ 18 ന് മുമ്പ് രാജ്യം വിടണം. അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



