ദോഹ – പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറുമൂലം ഖത്തര്‍ ഹെലികോപ്റ്റര്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം ഇന്ന് പുലര്‍ച്ചെ അറിയിച്ചു. ഹെലികോപ്റ്ററിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ദൗത്യത്തിന്റെ സ്വഭാവമോ ഹെലികോപ്റ്ററിലുള്ള ആളുകളുടെ എണ്ണമോ ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സംഭവവും മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവും തമ്മില്‍ ഒരു ബന്ധവും ഉള്ളതായി സൂചനയില്ല.
ഫെബ്രുവരി 28 ന് ഇറാനെതിരായ ഇസ്രായിലി-അമേരിക്കന്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഖത്തറിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും സൈനിക താവങ്ങളും അടക്കം ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ ഇറാന്‍ നടത്തിയിട്ടുണ്ട്. ഖത്തറിലെ റാസ് ലഫാന്‍ ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദന കേന്ദ്രം ഈ ആഴ്ച ഇറാന്‍ ആക്രമിച്ചു. മാര്‍ച്ച് 9 ന് സാങ്കേതിക തകരാറുമൂലം ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എ.ഇ അറിയിച്ചിരുന്നു.



