ഷാർജ: കുഞ്ഞുവായനകളും വിസ്മയങ്ങളുടെ വിനോദങ്ങളുമായി ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) സംഘടിപ്പിക്കുന്ന 15 – മത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ (എസ്.സി.ആർ.എഫ്.) എക്സ്‌പോ സെന്ററിൽ അടുത്തമാസം ഒന്നുമുതൽ 12 വരെയാണ്.
‘വൺസ് അപോൺ എ ഹീറോ’എന്നതാണ് ഈ വർഷത്തെ വായനോത്സവത്തിന്റെ പ്രമേയം. കുട്ടികളുടെ പ്രിയപ്പെട്ട ലോകോത്തര എഴുത്തുകാരും നിരൂപകരുമായി 290 വിശിഷ്ടാതിഥികളും മേളയിലെത്തും.കൂടാതെ 1400 – ലേറെ സാംസ്കാരിക പരിപാടികളുമുണ്ടായിരിക്കും.
വായനോത്സവത്തിന് മുന്നോടിയായി ശനി, ഞായർ ദിവസങ്ങളിലായി മൂന്നാമത് പ്രസാധക സമ്മേളനവും ഷാർജയിൽ നടന്നുവരുന്നു. 75 രാജ്യങ്ങളിൽനിന്ന് എഴുത്തുകാരും പ്രസാധകരുമെത്തുന്നുണ്ട്. എസ്.സി.ആർ.എഫ്. പ്രചരണാർഥം എക്സ്‌പോ സെന്ററിനു സമീപത്തെ പ്രധാന വീഥികൾ അലങ്കരിച്ചിട്ടുണ്ട്. വായനോത്സവത്തിലേക്ക് കുട്ടികളെ ആകർഷിക്കാനായി അൽ മജാസ് കോർണീഷിലും കാർട്ടൂൺ കഥാപാത്രങ്ങളെ ഓർമിപ്പിക്കുംവിധം രൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആനിമേഷൻ പ്രദർശനങ്ങൾ, പ്രഭാഷണം, കഥപറച്ചിൽ സെഷനുകൾ തുടങ്ങിയവയും വായനദിനങ്ങളിലുണ്ടാവും.
യു.എ.ഇ.യിലെ സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും എല്ലാദിവസവും മേളയിൽ സന്ദർശകരാവും.