അബുദാബി– രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ ഭീകരവാദ ശൃംഖലയെ യുഎഇ ദേശീയ സുരക്ഷാ ഏജൻസി തകർത്തു. ലെബനീസ് സംഘടനയായ ഹിസ്ബുല്ലയുടെയും ഇറാന്റെയും ധനസഹായത്തോടെയും പിന്തുണയോടെയും പ്രവർത്തിച്ചിരുന്ന സംഘത്തിലെ അംഗങ്ങളെയാണ് അതിനിർണ്ണായകമായ നീക്കത്തിലൂടെ സുരക്ഷാ സേന പിടികൂടിയത്.
രാജ്യത്തിനുള്ളിൽ വ്യാജ ബിസിനസ് സ്ഥാപനങ്ങളെ മറയാക്കിയാണ് ഈ ശൃംഖല തന്ത്രപരമായി താവളമുറപ്പിച്ചിരുന്നത്.
സാധാരണ ബിസിനസ് ഇടപാടുകൾ എന്ന വ്യാജേന, യുഎഇയുടെ സാമ്പത്തിക നിയമങ്ങളെയും നിയന്ത്രണങ്ങളെയും ലംഘിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനായിരുന്നു ഇവരുടെ നീക്കം. ഹിസ്ബുല്ലയുമായും ഇറാനുമായും ബന്ധമുള്ള വിദേശ ശക്തികൾ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢ പദ്ധതികളാണ് ഈ സംഘം നടപ്പിലാക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമായും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിലൂടെയും രാജ്യത്തിന്റെ സുരക്ഷാ സ്ഥാപനങ്ങൾക്ക് ഇവർ നേരിട്ടുള്ള ഭീഷണി ഉയർത്തിയിരുന്നു.
ദേശീയ സമ്പദ്‌വ്യവസ്ഥയെയോ സിവിലിയൻ സ്ഥാപനങ്ങളെയോ ഭീകരവാദത്തിനോ അട്ടിമറി പ്രവർത്തനങ്ങൾക്കോ വേണ്ടി ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് യുഎഇ ദേശീയ സുരക്ഷാ ഏജൻസി ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം വിദേശ ഇടപെടലുകളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് കർശന നടപടിയും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



