മനാമ – ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആറു പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറു പേരും സ്വദേശികളാണ്. ഇതില്‍ ഒരാള്‍ വനിതയാണ്. രാജ്യത്ത് ഇറാന്‍ ആക്രമണത്തിന്റെ ഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിപ്പിക്കുകയും ഇറാന്‍ ആക്രമണങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനുള്ളിലെ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയുമാണ് പ്രതികള്‍ ചെയ്തത്.
പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും സ്വദേശികളിലും വിദേശികളിലും ഭയം വിതക്കുകയും സുരക്ഷക്കും ക്രമസമാധാനത്തിനും ഹാനികരമാവുകയും ചെയ്ത ഈ വീഡിയോകള്‍ അറസ്റ്റിലായവര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടതായി മന്ത്രാലയം അറിയിച്ചു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടേണ്ടതിന്റെയും വിശ്വസനീയമല്ലാത്ത വീഡിയോകളും വാര്‍ത്തകളും പങ്കിടുന്നതില്‍ നിന്നും വീണ്ടും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
നിലവിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപവും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിയതിന് അറസ്റ്റിലായ പ്രതികള്‍ക്ക് പരമാവധി ശിക്ഷകള്‍ നല്‍കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനെതിരായ ഇറാന്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തതിന് അറസ്റ്റിലായവരുടെ വിചാരണയുടെ ആദ്യ സെഷന്‍ തിങ്കളാഴ്ച ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ നടന്നിരുന്നു.
അതേസമയം, കുവൈത്തില്‍ ഔദ്യോഗിക മുന്നറിയിപ്പ് ലംഘിച്ച് ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബൂസലൈബ് അറിയിച്ചു.



