ഗാസ – യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കണമെന്ന് ഇറാനോട് ഹമാസ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ മേഖലയിലെ രാജ്യങ്ങൾ ഒത്തൊരുമിച്ച് സഹകരിക്കണമെന്ന് ഹമാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി, ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഈ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. എങ്കിലും, ഇറാനിലെ സഹോദരങ്ങൾ അയൽ രാജ്യങ്ങളെ ആക്രമിക്കുന്നത് ഒഴിവാക്കണമെന്നാണ് ഹമാസിന്റെ നിലപാട്.
മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിക്കണമെന്നും രാജ്യങ്ങൾക്കിടയിലുള്ള സാഹോദര്യബന്ധം നിലനിർത്തണമെന്നും പ്രസ്ഥാനം ആഹ്വാനം ചെയ്തു. ഇറാന്റെ പ്രധാന സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്നതും ഇറാനിൽ നിന്ന് സൈനികവും സാമ്പത്തികവുമായ സഹായം കൈപ്പറ്റുന്നതുമായ ഹമാസിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവന അവരുടെ നിലപാടിലെ വലിയൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. നിലവിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക സമൂഹത്തിന്റെയും ഈ മേഖലയുടെയും താൽപ്പര്യമെന്ന് ഹമാസ് കൂട്ടിച്ചേർത്തു.
യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും പ്രസ്ഥാനം ആഹ്വാനം ചെയ്തു. യുദ്ധം പടരുന്നത് തടയാനും ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകാനുമായി വിവിധ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ ഹമാസ് അഭിനന്ദിച്ചു.
അതേസമയം, ഇറാനെതിരായ അമേരിക്കൻ-സയണിസ്റ്റ് ആക്രമണത്തെ ഹമാസ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണെന്നും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.



