തെഹ്‌റാന്‍– പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ മിസൈലുകള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആകാശത്തു വെച്ച് യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന കെസി-135 സ്ട്രാറ്റോടാങ്കര്‍ ഇനത്തില്‍ പെട്ട വിമാനം നഷ്ടപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ വെടിവെച്ചിടുകയായിരുന്നെന്ന് ഇറാന്‍ അറിയിച്ചത്. ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്കിടെ സൗഹൃദ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്നും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. രണ്ട് വിമാനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ഒന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇത് ശത്രുതാപരമോ സൗഹൃദപരമോ ആയ വെടിവെപ്പിന്റെ ഫലമല്ല എന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പടിഞ്ഞാറന്‍ ഇറാഖില്‍ നഷ്ടപ്പെട്ട വിമാനത്തില്‍ ആറ് ജീവനക്കാര്‍ ഉണ്ടായിരുന്നെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള യു.എസ്-ഇസ്രായില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം തകര്‍ന്നുവീഴുന്ന നാലാമത്തെ യു.എസ് സൈനിക വിമാനമാണിത്. കുവൈത്ത് ആകാശത്തു വെച്ച് സൗഹൃദപരമായ (അബദ്ധത്തിലുള്ള) വെടിവെപ്പില്‍ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങള്‍ നേരത്തെ തകര്‍ന്നിരുന്നു. ഇറാന്‍ വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെട്ട പോരാട്ടത്തിനിടെയാണ് അബദ്ധത്തിലുള്ള വെടിവെപ്പില്‍ മൂന്നു എഫ്-15 വിമാനങ്ങള്‍ തകര്‍ന്നുവീണതെന്ന് യു.എസ് സൈനിക കമാന്‍ഡ് അന്ന് പ്രസ്താവിച്ചു.
60 വര്‍ഷത്തിലേറെ മുമ്പ് സര്‍വീസില്‍ പ്രവേശിച്ച കെസി-135 സ്ട്രാറ്റോടാങ്കര്‍ വിമാനത്തില്‍ സാധാരണയായി ഒരു പൈലറ്റും ഒരു സഹ-പൈലറ്റും വിമാനത്തിന്റെ ഇന്ധനം നിറക്കല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിയും അടക്കം മൂന്നു ജീവനക്കാരുണ്ടാകും. എന്നിരുന്നാലും, ചില ദൗത്യങ്ങള്‍ക്ക് ഒരു നാവിഗേറ്റര്‍ ആവശ്യമാണ്. വിമാനത്തിന് 37 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും.



