കുവൈത്ത് സിറ്റി – ഇന്ന് രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഏതാനും ഡ്രോണുകള്‍ ആക്രമണം നടത്തിയതായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടു. ആര്‍ക്കും പരിക്കില്ല. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടപ്പാക്കിയ എമര്‍ജന്‍സി പദ്ധതി പ്രകാരം, രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുമായി പൂര്‍ണ്ണ ഏകോപനത്തോടെ സംഭവം കൈകാര്യം ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി പറഞ്ഞു. രാജ്യത്ത് സിവില്‍ ഏവിയേഷന്‍ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ന്റെ പ്രതിബദ്ധത അബ്ദുല്ല അല്‍റാജ്ഹി വ്യക്തമാക്കി.
ഏതാനും ഡ്രോണുകള്‍ തടഞ്ഞതിന്റെ ഫലമായി അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് രാജ്യത്ത് ആറ് ഓവര്‍ഹെഡ് വൈദ്യുതി പ്രസരണ ലൈനുകള്‍ പ്രവര്‍ത്തനരഹിതമായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഇത് വൈദ്യുതി ഗ്രിഡില്‍ താല്‍ക്കാലിക തടസ്സത്തിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായും പരിമിതമായും വൈദ്യുതി തടസ്സപ്പെടാനും കാരണമായി. വൈദ്യുതി വിതരണം സ്തംഭിച്ച പ്രദേശങ്ങളില്‍ വൈകാതെ വൈദ്യുതി പുനഃസ്ഥാപിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനും സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രത്യേക എമര്‍ജന്‍സി സംഘങ്ങള്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഫാത്തിമ ജൗഹര്‍ ഹയാത്ത് പത്രക്കുറിപ്പില്‍ പറഞ്ഞു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും അംഗീകൃത സാങ്കേതിക നടപടിക്രമങ്ങളും പാലിച്ചുകൊണ്ട്, വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായി അവര്‍ വ്യക്തമാക്കി.
വൈദ്യുതി, ജല സംവിധാനങ്ങള്‍ നിയന്ത്രണത്തിലാണ്. വൈദ്യുതി ഉല്‍പാദനം, സമുദ്രജല ശുദ്ധീകരണം, ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ ഉയര്‍ന്ന കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നു. സേവനങ്ങളുടെ സ്ഥിരതയും തുടര്‍ച്ചയും തടസ്സമില്ലാതെ ഉറപ്പാക്കാന്‍ 24 മണിക്കൂറും നിരീക്ഷണം തുടരുന്നതായും ഫാത്തിമ ജൗഹര്‍ ഹയാത്ത് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, തെക്കന്‍ കുവൈത്തിലെ അല്‍മന്‍ഖഫ് പ്രദേശത്ത് ഡ്രോണ്‍ ആക്രമണത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം കുവൈത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ നിയന്ത്രണവിധേയമാക്കി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.



