തൃശൂർ– ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണമെന്ന് കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ. സി എച്ച് സെന്ററിന്റെ സഹകരണത്തോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂടെയുള്ളവർക്കും വിദ്യാർത്ഥികൾക്കും കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സി എച്ച് സെന്റർ ഖത്തർ ചാപ്റ്ററിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ മുഴുവനും മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരുണ്ട്.നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് ഗൾഫിൽ നിന്നുള്ള പണമാണ്. നാടിന്റെ അഭിവൃദ്ധിയും പുരോഗതിയിലും ഗൾഫ് സമ്പത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും പിഎസ്എം ഹുസൈൻ പറഞ്ഞു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ ട്രഷറർ എ എസ് നസീർ, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി യൂനസ് വാടാനപ്പള്ളി, സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി, മത്സ്യ തോഴിലാളി ഫെഡറേഷൻ (STU) ദേശിയ സെക്രട്ടറി പി.എ ശാഹുൽ ഹമീദ്, മുസ്ലിംലീഗ് തൃശൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മന്ദലാംകുന്ന്, മുസ്ലിം ലീഗ് വാടാനപ്പള്ളി ട്രഷറർ എ.കെ ശംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.ജെ ജെഫിക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഷിർ വടക്കാഞ്ചേരി നന്ദി പറഞ്ഞു.



