മക്ക – വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കണക്കിലെടുത്ത് റമദാനിലെ അവസാന പത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരക്കേറിയ സമയം ഒഴിവാക്കണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുടെ ഒഴുക്കും ഹറമിന് ചുറ്റും തിരക്കും അനുഭവപ്പെടുന്ന ഒമ്പത് മണിക്കൂര്‍ മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ ആദ്യ രണ്ടാഴ്ചകളില്‍ രേഖപ്പെടുത്തിയ സൂചകങ്ങള്‍ അനുസരിച്ച്, ഏറ്റവും തിരക്കേറിയ സമയങ്ങള്‍ വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലും രാവിലെ 5 നും രാവിലെ 8 നും ഇടയിലുമാണ്. രാത്രി 11 നും പുലര്‍ച്ചെ 4 നും ഇടയില്‍ സാധാരണയായി മിതമായ തിരക്ക് കാണപ്പെടുന്നു. അതേസമയം രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സാധാരണയായി തിരക്ക് കുറവാണ്. തീര്‍ഥാടകര്‍ക്ക് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സുഖകരമായ സമയം ഇതാണ്.
വിശുദ്ധ മാസത്തില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ വിശുദ്ധ ഹറമില്‍ ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവ് കൈകാര്യം ചെയ്യാന്‍ സുരക്ഷാ സേന ഒരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഗതാഗത മാനേജ്‌മെന്റ്, മാനുഷിക സേവനങ്ങള്‍, നൂതന സുരക്ഷാ സാങ്കേതികവിദ്യകളുടെയും ചലനം നിയന്ത്രിക്കുന്നതിന് കൃത്രിമബുദ്ധിയുടെയും ഉപയോഗം എന്നിവയുള്‍പ്പെടെ മെച്ചപ്പെട്ട ആള്‍ക്കൂട്ട നിയന്ത്രണ, സംഘടനാ നടപടികള്‍ അധികൃതര്‍ നടപ്പാക്കുന്നു. ഹറമിനു സമീപത്തെ പ്രദേശത്തേക്കുള്ള പ്രവേശനം സുഗമമാക്കാനും ഹറമിലേക്കും തിരിച്ചും സന്ദര്‍ശകരെ കൊണ്ടുപോകുന്ന ബസുകളിലെ തിരക്ക് കുറക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
റമദാന്‍ 1 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഇരു ഹറമുകളിലും ആകെ ഒമ്പതര കോടിയിലേറെ വിശ്വാസികള്‍ എത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇരുപതു ദിവസത്തിനിടെ ആകെ 9,66,38,865 വിശ്വാസികളാണ് എത്തിയത്. ഇരു ഹറമുകളുടെയും ആത്മീയവും മതപരവുമായ പ്രാധാന്യത്തെയും ഈ അനുഗ്രഹീത മാസത്തില്‍ ആരാധനകള്‍ നിര്‍വഹിക്കുന്ന മുസ്‌ലിംകളുടെ വലിയ പങ്കാളിത്തത്തെയും ഈ കണക്ക് പ്രതിഫലിപ്പിക്കുന്നു. ഇക്കാലയളവില്‍ 1,56,05,086 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചു. വിശുദ്ധ ഹറമില്‍ 5,75,95,401 പേര്‍ ദിവസേനയുള്ള അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും പങ്കെടുത്തു. പ്രവാചക പള്ളിയില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളും തറാവീഹും നിര്‍വഹിച്ചവരുടെ എണ്ണം 2,11,43,259 ആയി ഉയര്‍ന്നു. റൗദ ശരീഫില്‍ 5,79,191 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചു. 17,15,928 പേര്‍ പ്രവാചകന്റെയും രണ്ട് അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലി. ഇരു ഹറമുകളിലെയും സന്ദര്‍ശകര്‍ക്ക് സുഗമമായ ചലനവും ആരാധനക്ക് സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷവും ഉറപ്പാക്കുന്ന ഉയര്‍ന്ന പ്രവര്‍ത്തന സന്നദ്ധതയെയും സേവനങ്ങളുടെ സംയോജിത സംവിധാനത്തെയും ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതായി ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.



