അബുദാബി – ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ യു.എ.ഇ കോണ്‍സുലേറ്റിനു നേരെ ഡ്രോണ്‍ ആക്രമണം. കോണ്‍സുലേറ്റ് കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. നയതന്ത്ര മിഷനുകളെയും പരിസരങ്ങളെയും ലക്ഷ്യം വെക്കുന്നത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും, പ്രത്യേകിച്ച് നയതന്ത്ര സ്ഥലങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ്ണമായ സുരക്ഷ ഉറപ്പുനല്‍കുന്ന നയതന്ത്ര ബന്ധങ്ങളെ കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെയും നഗ്‌നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു.
ഈ ആക്രമണം പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. ഈ ആക്രമണത്തിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കാനും ഉത്തരവാദികളെ തിരിച്ചറിയാനും കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇറാഖ് സര്‍ക്കാരിനോടും ഇറാഖ് കുര്‍ദിസ്ഥാന്‍ പ്രവിശ്യ സര്‍ക്കാരിനോടും യു.എ.ഇ ആവശ്യപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വഞ്ചനാപരമായ ആക്രമണങ്ങളെ യു.എ.ഇ നിരാകരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി നയതന്ത്ര ആസ്ഥാനങ്ങള്‍, മിഷനുകള്‍, അവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



