ജിദ്ദ- കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി ജിദ്ദയിൽ ജീവകാരുണ്യ, സാമൂഹിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന തുറക്കൽ മഹല്ല് കമ്മിറ്റി മഹല്ല് നിവാസികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു വിപുലമായ ഇഫ്ത്താർ സംഗമം നടത്തി. അഷ്‌റഫ് കോമു ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാടൻ കബീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യുവതലമുറയെ ആത്മീയ ചിന്തയിലേക്കും ധാർമ്മിക ജീവിതത്തിലേക്കും നയിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് റമദാൻ സന്ദേശം നൽകിയ റഫീഖ് അലി ഇരിവേറ്റി ഓർമ്മിപ്പിച്ചു. ലഹരി ഉപയോഗവും അതിരുകളില്ലാത്ത ജീവിതരീതിയും കുടുംബ വ്യവസ്ഥിതിക്കും സാമൂഹിക ജീവിതത്തിനും മാരകമായ ആഘാതമാണ് ഏൽപ്പിക്കുന്നത്. ‘ഒറ്റ ജീവിതമേയുള്ളൂ, അത് പരമാവധി ആസ്വദിക്കുക’ എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ‘യോലോ’ (YOLO) ക്യാമ്പയിനുകൾ സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാദിൽ അഹമ്മദ് എരഞ്ഞിക്കൽ ഖിറാഅത്ത് നടത്തി. റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ഉസ്മാൻകോയ എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. സലീം മധുവായി, എ.സി മുജീബ് പാങ്ങ്, ഷാനി അത്തിക്കാവിൽ, പി.പി സാബിർ ബാബു എന്നിവർ ആശംസകൾ നേർന്നു. അസ്‌ക്കർ മൊക്കൻ, എം. മുനീർ, സാബിർ പുത്തലത്ത്, കെ.ടി.പി ഷാജി, എം. അർഷദ്, ഫസൽ അത്തിക്കാവിൽ, അജ്മൽ കരിമ്പുലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



