ഗാസ – മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള അല്‍സവാര്‍ഹ പ്രദേശത്ത് അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും അല്‍ഔദ ആശുപത്രിയില്‍ എത്തിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 72,126 ആയി ഉയര്‍ന്നു. 1,71,809 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ ഗ്രാമത്തില്‍ ഇസ്രായില്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഇസ്രായില്‍ സൈന്യവും അറിയിച്ചു. 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. റമല്ലയുടെ വടക്കുകിഴക്കുള്ള അബൂഫലാഹ് ഗ്രാമത്തില്‍ കുടിയേറ്റക്കാരുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തായര്‍ ഫാറൂഖ് ഹമായില്‍ (24), ഫാരഅ് ജൗദാത്ത് ഹമായില്‍ (57 വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും ശിരസ്സിനാണ് വെടിയേറ്റത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിരിച്ചുവിടുന്നതിനിടെ മൂന്നാമത്തെ ഫലസ്തീന്‍കാരന്‍ ശ്വാസംമുട്ടി മരിച്ചതായി ഇസ്രായില്‍ സൈന്യം സൂചിപ്പിച്ചു. കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍ മുഹമ്മദ് ഹസ്സന്‍ മുറ (55) ആണെന്ന് പ്രാദേശിക സ്രോതസ്സുകള്‍ പറഞ്ഞു.



