അബുദാബി– യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ സംവിധാനങ്ങളുടെയും വിലക്കപ്പെട്ട പ്രദേശങ്ങളുടെയും ചിത്രങ്ങൾ പകർത്തുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കടുത്ത നിയമനടപടികൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം, മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരുക. ആക്രമണങ്ങളോ അപകടങ്ങളോ സംഭവിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്താനോ അവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാനോ ശ്രമിക്കരുത്, സംശയകരമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളോ കാണാനിടയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുക, അത്തരം വസ്തുക്കളിൽ തൊടാനോ അടുത്തുചെന്ന് പരിശോധിക്കാനോ മുതിരരുത്, വിമാനത്താവളങ്ങളിൽ എത്തുമ്പോഴും മടങ്ങുമ്പോഴും അനുമതിയില്ലാതെ ഫോട്ടോകളോ വിഡിയോകളോ എടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു തുടങ്ങി യുഎഇ അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും ഇന്ത്യൻ പൗരന്മാർ അക്ഷരംപ്രതി പാലിക്കണമെന്നും എംബസി അറിയിച്ചു.



