ജിദ്ദ- ജിദ്ദയിലെ മേലങ്ങാടി വെൽഫെയർ അസോസിയേഷന്റെ (മേവ) ഇരുപതാം വാർഷികാഘോഷം ‘കാരുണ്യത്തിന്റെ ഇരുപത് വർഷങ്ങൾ’ എന്ന പ്രമേയത്തിൽ തുടക്കമായി. സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊണ്ടോട്ടി മേലങ്ങാടി നിവാസികളുടെ ഈ പ്രവാസി കൂട്ടായ്മ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രണ്ട് പതിറ്റാണ്ടുകളാണ് പിന്നിടുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.
ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് ചുള്ളിയൻ ബഷീർ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വരും വർഷത്തിൽ സംഘടനയ്ക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം അർഹരായവർക്ക് കൂടുതൽ ആശ്വാസമെത്തിക്കുന്ന പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2006-ൽ പ്രവർത്തനമാരംഭിച്ച മേവ, നിലവിൽ മേലങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും അഗതികൾ, അനാഥകൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങി ദുരിതമനുഭവിക്കുന്ന മുപ്പതോളം കുടുംബങ്ങൾക്ക് മാസംതോറും പെൻഷൻ നൽകിവരുന്നുണ്ട്. ഇതിന് പുറമെ ചികിത്സ, വിവാഹം, പഠനം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലും സംഘടന സജീവമായി ഇടപെടുന്നു. ജിദ്ദ കമ്മിറ്റിക്ക് സമാന്തരമായി നാട്ടിൽ പ്രവർത്തിക്കുന്ന ഉപസമിതിയിലൂടെയാണ് സഹായങ്ങൾ കൃത്യസമയത്ത് അർഹരിലേക്ക് എത്തുന്നതെന്ന് ജനറൽ സെക്രട്ടറി സലീം മധുവായി വ്യക്തമാക്കി.
സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ മർഹൂം പുതിയകത്ത് അബ്ദുല്ലക്കോയ സാഹിബ്, മർഹൂം പി. മാനു മുസ്ല്യാർ എന്നിവരെ അനുസ്മരിച്ചു. പള്ളി പരിപാലനത്തോടൊപ്പം തന്നെ നാട്ടിലെ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന മാനു മുസ്ല്യാർ, ഒരു ഇമാം എങ്ങനെയായിരിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നുവെന്ന് സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി അനുസ്മരിച്ചു. ജാതിമത ഭേദമന്യേ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആൾരൂപമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയ-സംഘടനാ വ്യത്യാസങ്ങൾ മറന്ന് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എല്ലാവരും ഒരുമിച്ചിരിക്കണമെന്ന അബ്ദുല്ലക്കോയ സാഹിബിന്റെ കാഴ്ചപ്പാടാണ് മേവയുടെ കരുത്തെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെയാണ് ഇപ്പോഴും സംഘടന മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ഗഫൂർ കൂട്ടിച്ചേർത്തു.
സഹായം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും പ്രവാസികളുടെ സഹകരണമാണ് സംഘടനയുടെ ഏക സ്രോതസ്സെന്നും റിലീഫ് കോർഡിനേറ്റർ നൗഷാദ് ആലങ്ങാടൻ പറഞ്ഞു. റമദാൻ റിലീഫ് സമാഹരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ നജ്മുദ്ദീൻ അമ്പലങ്ങാടൻ, ഫൈറൂസ് കെ.കെ, അഷ്‌റഫ് പയനിപറമ്പൻ തുടങ്ങിയവർ സംസാരിച്ചു. റഷീദ് ചുള്ളിയൻ, ബഷീർ കൊമ്മേരി, മായീൻ കുമ്മാളി, ഹബീബ്, റനീസ്, റഫീക്ക് കൊമ്മേരി, സൽമാൻ, ജലീൽ ആടംപുലാൻ, ഇർഷാദ് കളത്തിങ്ങൽ, മുഹ്സിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



