വാഷിംഗ്ടൺ– പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും കൃത്യമായ സ്ഥാനങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായി റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച ഇസ്രായിലും അമേരിക്കയും ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നാലെ, ശത്രുസൈന്യത്തെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി വലിയ തോതിൽ കുറഞ്ഞിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് റഷ്യയുടെ സഹായം തേടുന്നത്.
മേഖലയിൽ യുദ്ധം വ്യാപിക്കുന്നതോടെ അമേരിക്കയ്ക്കും ഇസ്രായിലിനും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഇറാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളും നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
റഷ്യ ഇറാന് നൽകുന്ന സൈനിക പിന്തുണയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാൽ ഇറാൻ ഭരണകൂടം നിലവിൽ കനത്ത തകർച്ചയെ നേരിടുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രത്യാക്രമണ ശേഷി ഓരോ ദിവസവും കുറയുകയാണെന്നും, അവരുടെ നാവികസേനയും ഉൽപ്പാദന കേന്ദ്രങ്ങളും ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ പോർട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ് റിസർവ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.



