റിയാദ്- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഗൾഫ് രാജ്യങ്ങിൽ മാറ്റിവെച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ,ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 9, 10, 11 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. പത്താം ക്ലാസ് പരീക്ഷകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തുമെന്ന് പിന്നീട് അറിയിക്കും. പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി ബന്ധപ്പെടണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റോ സ്കൂൾ അധികൃതർ നൽകുന്ന വിവരങ്ങളോ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. മേഖലയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.



