ജിദ്ദ – ഹുര്‍മുസ് കടലിടുക്കിലെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകോ എണ്ണ കയറ്റുമതി ചെങ്കടല്‍ തീരത്തെ യാമ്പു തുറമുഖത്തേക്ക് മാറ്റുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ യാമ്പു തുറമുഖത്തു നിന്ന് കയറ്റണമെന്ന് ചില ഉപയോക്താക്കളെ കമ്പനി അറിയിച്ചിട്ടുണ്ട്. ഷിപ്പിംഗിനെതിരായ ആക്രമണങ്ങള്‍ കാരണം ഹുര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ ഇത് കമ്പനിയെ അനുവദിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടാലും വിതരണം സുഗമമാക്കാൻ സൗദി അറാംകോയ്ക്ക് കൃത്യമായ ബദൽ സംവിധാനങ്ങളുണ്ടെന്ന് സൗദി ശൂറാ കൗൺസിൽ സാമ്പത്തിക-ഊർജ കമ്മിറ്റി മുൻ അംഗം ഡോ. ഫഹദ് ബിൻ ജുംഅ വ്യക്തമാക്കി. സൗദിയിലെ കിഴക്ക്-പടിഞ്ഞാറ് പൈപ്പ്‌ലൈൻ ശൃംഖലയും ഏഷ്യൻ രാജ്യങ്ങളിൽ നിലവിലുള്ള വലിയ ക്രൂഡ് ഓയിൽ ശേഖരവും ഇതിനായി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം തന്ത്രപരമായ ബദലുകൾ വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളെ കാര്യക്ഷമമായി നേരിടാൻ കമ്പനിയെ സഹായിക്കും.
കരുതല്‍ ശേഖരം ഉപയോഗിക്കുന്നത് എണ്ണവിലയിലെ കുതിച്ചുചാട്ടം തടയില്ല. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ബാരലിന് 100 ഡോളറില്‍ കൂടുതലായി ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഹുര്‍മുസ് കടലിടുക്ക് അടച്ചിടില്ല. മുന്‍ പ്രതിസന്ധികളില്‍ സംഭവിച്ചതുപോലെ, കടലിടുക്ക് മുറിച്ചുകടക്കുന്ന കപ്പലുകള്‍ക്ക് അമേരിക്ക സംരക്ഷണം നല്‍കുമെന്ന് ഡോ. ഫഹദ് ബിന്‍ ജുംഅ പ്രവചിച്ചു.



