ജിദ്ദ – അടുത്ത വെള്ളിയാഴ്ച സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും ജുമുഅ ഖുതുബയില്‍ കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ വിശദീകരിക്കണമെന്ന് ഖതീബുമാര്‍ക്ക് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കി. രാജ്യം ആസ്വദിക്കുന്ന സുരക്ഷയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങള്‍ക്ക് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള ബാധ്യതയെ കുറിച്ച് ഖുതുബയില്‍ വിശദീകരിക്കണം. സമകാലിക സംഭവങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ അപകടങ്ങളെ കുറിച്ചും ഖുതുബയില്‍ പ്രതിപാദിക്കണമെന്ന് മന്ത്രി പറഞ്ഞു.
സുരക്ഷയുടെയും സ്ഥിരതയുടെയും അനുഗ്രഹങ്ങള്‍ക്ക് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള ബാധ്യത ഖതീബുമാര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കണം. മതത്തിന്റെയും ലൗകിക ജീവിതത്തിന്റെയും ക്ഷേമത്തില്‍ സുരക്ഷയുടെയും സ്ഥിരതയുടെയും വലിയ പ്രാധാന്യവും സ്വാധീനവും വിശദീകരിക്കണം. ദൈവത്തിന് നന്ദി പറയുന്നത് അനുഗ്രഹങ്ങളുടെ തുടര്‍ച്ചക്കും വര്‍ധനവിനും കാരണമാണ്.
ഒരു വ്യക്തി താന്‍ കേള്‍ക്കുന്നതെല്ലാം പറഞ്ഞാല്‍ നുണയാകുമെന്ന പ്രവാചക വചനത്തിന് അനുസൃതമായി, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, നിജസ്ഥിതി ഉറപ്പുവരുത്താതെ തിടുക്കത്തില്‍ വാര്‍ത്തകള്‍ പങ്കിടുന്നതിനെതിരെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് പ്രധാനമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് സുരക്ഷക്കും സ്ഥിരതക്കും ദേശീയ ഐക്യത്തിനും ഗുരുതരമായ ദോഷം വരുത്തും.
സദസ്സുകളിലും സോഷ്യല്‍ മീഡിയയിലും സംഭവങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നത് വിലക്കണം. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദഗ്ധര്‍ക്കും ദൈവം അധികാരം ഏല്‍പ്പിച്ചവര്‍ക്കും വിടണം. ഒരു മുസ്‌ലിം എന്ന നിലയില്‍ ഒരു വ്യക്തിയുടെ നല്ല സ്വഭാവത്തിന്റെ ഒരു ഭാഗം തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണെന്ന് പ്രവാചക വചനമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും പങ്കിടുന്നതിനും എതിരെ മുന്നറിയിപ്പ് നല്‍കണമെന്നും മന്ത്രി ഖതീബുമാര്‍ക്ക് നിര്‍ദേശം നല്‍കി. കാരണം ഇത് സമൂഹത്തില്‍ ഭയവും പരിഭ്രാന്തിയും പരത്തുമെന്നും ജീവിതത്തെയും താല്‍പ്പര്യങ്ങളെയും അപകടപ്പെടുത്തുമെന്നും ലക്ഷ്യങ്ങള്‍ നേടാന്‍ ശത്രുക്കളെ സഹായിക്കുമെന്നും ഖതീബുമാര്‍ക്കുള്ള നിര്‍ദേശത്തില്‍ മന്ത്രി പറഞ്ഞു.



