ജിദ്ദ – ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിക്കുകയും കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ഏതാനും എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. സൂപ്പര്‍ ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ പ്രതിദിനം നാലു ലക്ഷം ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള ഡാറ്റ പ്രകാരം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സൂപ്പര്‍ ടാങ്കറുകളുടെ നിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
അറ്റ്‌ലാന്റിക് തടത്തില്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ടാങ്കറുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിന് കപ്പല്‍ ഉടമകളും ചരക്ക് കൈമാറ്റക്കാരും ഇപ്പോള്‍ പ്രതിദിനം രണ്ടു ലക്ഷം ഡോളറില്‍ കൂടുതല്‍ ആവശ്യപ്പെടുന്നു. ഇത് 24 മണിക്കൂര്‍ മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു. ഇറാനെതിരെ യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളെയും ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഖത്തര്‍ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവച്ചതിനെയും തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതോടെ ഇന്നലെ ടാങ്കര്‍ ഷിപ്പിംഗ് നിരക്കുകള്‍ 40 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.
ഇറാനെതിരായ യു.എസിന്റെയും ഇസ്രായിലിന്റെയും ആക്രമണത്തെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്കിലെ സ്ഥിതി കാരണം നിലവില്‍ കുടുങ്ങിക്കിടക്കുന്ന 750 കപ്പലുകളില്‍ 100 എണ്ണവും കണ്ടെയ്‌നര്‍ കപ്പലുകളാണെന്ന് കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ ഓഷ്യന്‍ നെറ്റ്വര്‍ക്ക് എക്സ്പ്രസ് സി.ഇ.ഒ ജെറമി നിക്‌സണ്‍ പറഞ്ഞു. ആഗോള കണ്ടെയ്‌നര്‍ കപ്പലുകളുടെ ഏകദേശം 10 ശതമാനം ഈ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ നിക്‌സണ്‍ വ്യക്തമാക്കി.
ഇറാന്‍, ഒമാന്‍ എന്നിവക്കിടയിലുള്ള ജലപാതയായ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത് മറൈന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ത്തിവെച്ചു. ഈ കടലിടുക്കിലൂടെ ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും ഗണ്യമായ അളവിലുള്ള വാതകവും നീക്കം ചെയ്യുന്നു. യു.എസ്, ഇസ്രായിലി ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി നല്‍കുന്നതിനിടെ, ഈ കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും കത്തിച്ചുകളയുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ആ ചരക്കുകളെല്ലാം യൂറോപ്പിലെയും ഏഷ്യയിലെയും പ്രധാന ഷിപ്പിംഗ് ഹബ്ബുകളിലും തുറമുഖങ്ങളിലും കുന്നുകൂടാന്‍ തുടങ്ങുമെന്ന് നിക്‌സണ്‍ ചൂണ്ടികാട്ടി.



