തെഹ്‌റാന്‍ – തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു. 95 പേര്‍ക്ക് പരിക്കേറ്റതായി നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി അറിയിച്ചു. നേരത്തെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീര്‍ സഈദ് ഇര്‍വാനി ഇറാനിലെ പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണത്തില്‍ 100 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായും മരണ സംഖ്യ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിന് നേരെ ആക്രമണം നടന്നതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തിനടുത്തുള്ള മിനാബ് മേഖലയിലാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 170 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



