തിരുവനന്തപുരം– ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ അടുത്ത 24 മണിക്കൂറിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു.
തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം യുഎഇ വ്യോമപാത അടച്ചതിനെത്തുടർന്ന് പകുതിവഴിയിൽ നിന്ന് തിരികെ തിരുവനന്തപുരത്ത് തന്നെ ഇറക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറിനിടെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 13 സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയിൽ നിന്നും റദ്ദാക്കിയ വിമാനങ്ങൾ
കൊച്ചി – ദോഹ (4.15 PM)
കൊച്ചി – ദുബൈ (6.20 PM)
കൊച്ചി – റാസൽ ഖൈമ (9.50 PM)
കൊച്ചി – അബുദാബി (10.50 PM)
കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ (IX 343), റിയാദ് (IX 321), ജിദ്ദ (IX 397), ദമാം (IX 385) സർവീസുകൾ റദ്ദാക്കി. കൂടാതെ ഇൻഡിഗോയുടെ ദുബൈ, ജിദ്ദ, അബുദാബി വിമാനങ്ങളും സ്പൈസ് ജെറ്റിന്റെ ദുബൈ സർവീസും (SG53) മുടങ്ങി.
കണ്ണൂരിൽ നിന്ന് വൈകിട്ട് 4-നും 7-നും പുറപ്പെടേണ്ടിയിരുന്ന രണ്ട് ദോഹ സർവീസുകൾ റദ്ദാക്കി. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അധികൃതർ എടുത്ത തീരുമാനത്തിൽ സന്തുഷ്ടർ ആണെന്ന് യാത്രക്കാർ അറിയിച്ചു.



