കുവൈത്ത് സിറ്റി– വ്യാജ ഗള്‍ഫ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് രാജ്യം വിടാനുള്ള ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. കുവൈത്ത് – സൗദി അതിര്‍ത്തിയിലെ നുവൈസീബ് അതിര്‍ത്തി ക്രോസിംഗിലെ പോലീസ് ഉദ്യോഗസ്ഥന്റെ ജാഗ്രതയാണ് വ്യാജ പാസ്‌പോര്‍ട്ടുകളില്‍ രാജ്യം വിടാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ സഹായിച്ചത്. അതിര്‍ത്തി ക്രോസിംഗിലെ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിന്റെ കൈവശമുള്ള പാസ്പോര്‍ട്ടുകളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. എക്‌സിറ്റ് നടപടിക്രമങ്ങളില്‍ സാധാരണയായി നല്‍കുന്ന പ്രത്യേക ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് പേപ്പര്‍ പാസ്പോര്‍ട്ടുകളില്‍ ഇല്ലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആവശ്യമായ രേഖ നല്‍കിയിട്ടില്ലെന്ന് യാത്രക്കാര്‍ അവകാശപ്പെട്ടു. ഇത് സുരക്ഷാ ജീവനക്കാരില്‍ സംശയം ജനിപ്പിച്ചു. കൂടുതല്‍ പരിശോധനക്കായി സംഘത്തെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ അവരുടെ പാസ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
തുടര്‍ന്ന് വിരലടയാള തിരിച്ചറിയല്‍ പരിശോധനക്കായി ഏഴു പേരെയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ ഒഴികെയുള്ളവര്‍ ഗള്‍ഫ് പൗരന്മാരല്ലെന്ന് ഫലങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് അധികൃതര്‍ ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതിനും നിയമവിരുദ്ധമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.



