കൊച്ചി: നാദിർഷ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിൽ ശ്രദ്ധേയ ഗാനമൊരുക്കി പ്രവാസി എഴുത്തുകാരി. സൗദി അറേബ്യയിൽ വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച എഴുത്തുകാരിയും അധ്യാപികമായുമായ ഷഹീറ നസീറാണ് ചിത്രത്തിൽ പണ്ടേ പണ്ടേ എന്നോമലായേ നീ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം പാടിയത്. പ്രവാസിയായ ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മലയാളം ന്യൂസ് സർഗവീഥിയിൽ എഴുതിത്തുടങ്ങിയ, ഷഹീറ നസീർ ഏറെക്കാലം ഖമീസ് മുഷൈത്തിൽ പ്രവാസിയായിരുന്നു. ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി അക്കാദമിക് കാൺസിലറായും കരിക്കുലം കണ്ടന്റ് റൈറ്ററുമായി ജോലി ചെയ്യുന്ന ഷഹീറാ നസീർ കഥാകൃത്ത്, കവയിത്രി എന്നീ നിലകളിലും പ്രശ്സതയാണ്. ചരിത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ എം.എയും, ബി എഡും നേടിയിട്ടുണ്ട്.
ഖമീസിലെ അൽ ജനൂബ് ഇൻ്റർനാഷൽ സ്കൂളിലെ മലയാളം വകുപ്പ് മേധാവിയായിരുന്നു. 2017 ൽ മലയാള ഭാഷയിൽ 100 % വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്ക്കുള്ള പ്രശംസാ പത്രം കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിയിൽ നിന്നും കരസ്ഥമാക്കി. 2021 ൽ സിനിമാഗാന രചയിതാക്കളുടെ കൂട്ടായ്മകളിൽ ഷഹീറയും അംഗത്വം നേടിയിട്ടുണ്ട്.
പതിനഞ്ചോളം സിനിമാഗാനങ്ങൾ, പത്തോളം ആൽബം സോംഗുകൾ എന്നിവയും കഥാകവിതാ സമാഹാരങ്ങളായി നാല് പുസ്തകങ്ങളും ഷഹീറ നസീർ എഴുതിയിട്ടുണ്ട്. മോഹൻ സിത്താരയോടൊപ്പമാണ് ആദ്യമായി പാട്ടുകൾ ചെയ്തത്. 2022 ൽ സൗദിയിൽ നിന്നും വുമൺ എക്സലന്റ് അവാർഡ് നേടിയിട്ടുണ്ട്. മലയാളം ന്യൂസ് ഏർപ്പെടുത്തിയ മികച്ച എഴുത്തുകാരിക്കുള്ള പുരസ്കാരം. സംസ്കൃതി സാഹിത്യ പുരസ്കാരം. കൊച്ചുബാവ പുരസ്കാരം, നവോദയ ജിദ്ദ പുരസ്കാരം കേരള സംസ്ഥാന സംസ്കാരിക വകുപ്പിൻ്റെ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആദരവ് എന്നിവ ഉൾപ്പെടെ മുപ്പതിലധികം പ്രതിഭാ പുരസ്കാരങ്ങളും നേടിയിട്ടുണ്ട ഇത് വരെ പാട്ടെഴുതിയ മറ്റു സിനിമകൾ: കാബിൻ, ചങ്ങായി, ജാക്കി ഷെരീഫ്, സ്വച്ഛന്ദ മൃത്യു.
യുറ്റ്യൂബ് വഴി പുറത്തുവന്ന ഗാനത്തിന് അഭിനന്ദനങ്ങളുമായി റസൂൽ പൂക്കുട്ടി അടക്കമുള്ളവർ രംഗത്തെത്തി. പണ്ടേ പണ്ടേ എന്നോമലായേ നീ … ” നല്ല റൊമാൻറിക് ആയ സുന്ദര വരികൾ .. സിതാരയുടെ മനോഹരമായ ആലാപനം ,പ്രിയ ഷഹീറയ്ക്ക് ആശംസകൾ . പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം റസൂൽ പൂക്കുട്ടി എന്ന സന്ദേശമാണ് റസൂൽ പൂക്കുട്ടി അയച്ചത്.