അബുദാബി – യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ വിമാനനിര വികസിപ്പിക്കുന്നതിനനുസരിച്ച് വലിയ തോതിലുള്ള നിയമനം തുടരാന്‍ പദ്ധതിയിടുന്നു. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ പ്രതിവര്‍ഷം 2,500 മുതല്‍ 3,000 വരെ ആളുകളെ പുതുതായി നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അബുദാബി വിമാന കമ്പനി കഴിഞ്ഞ വര്‍ഷം 3,200 ലേറെ പുതിയ ജീവനക്കാരെ നിയമിക്കുകയും ഏകദേശം 2,200 ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു. തങ്ങള്‍ ഭാവിയിലും സമാനമായ റിക്രൂട്ട്മെന്റ് വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത്തിഹാദ് സി.ഇ.ഒ അന്റണോല്‍ഡോ നെവസ് പറഞ്ഞു. പ്രതിവര്‍ഷം 2,500 മുതല്‍ 3,000 വരെ നിയമനങ്ങള്‍ ഞങ്ങള്‍ നിലനിര്‍ത്തും. പ്രതിവര്‍ഷം പുതുതായി ഏകദേശം 20 വിമാനങ്ങള്‍ തോതില്‍ കമ്പനിക്ക് ലഭിക്കുമെന്നും അന്റണോല്‍ഡോ നെവസ് വ്യക്തമാക്കി.
2025 ലും റിക്രൂട്ട്മെന്റിന്റെ പ്രധാന കേന്ദ്രബിന്ദുവായി ഇത്തിഹാദ് തുടര്‍ന്നു. ഇത് നെറ്റ്‌വര്‍ക്കിന്റെയും വിമാനനിരയുടെയും വളര്‍ച്ചയെ പിന്തുണച്ചു. കഴിഞ്ഞ വര്‍ഷം വിമാന കമ്പനി ഏകദേശം 1,600 ക്യാബിന്‍ ജീവനക്കാരെയും ഏകദേശം 400 പൈലറ്റുമാരെയുമാണ് നിയമിച്ചത്. അതേസമയം, ഏകദേശം 1,500 ക്യാബിന്‍ ക്രൂ പ്രമോഷനുകളും ഏകദേശം 150 പൈലറ്റ് പ്രമോഷനുകളും നടത്തിയിരുന്നു.
ആഗോള പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍, തങ്ങളുടെ തൊഴില്‍ ശക്തി ഇപ്പോള്‍ 152 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതായി എയര്‍ലൈന്‍ പറഞ്ഞു. കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകളിലൂടെയും നേതൃത്വ സംരംഭങ്ങളിലൂടെയും യു.എ.ഇ ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2025 ല്‍ ഇത്തിഹാദ് പുതുതായി 29 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കമ്പനി വിമാനനിരയുടെ എണ്ണം 127 ആയി ഉയര്‍ന്നു. ദീര്‍ഘകാല വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി വരും കൊല്ലങ്ങളില്‍ പ്രതിവര്‍ഷം 20 പുതിയ വിമാനങ്ങള്‍ തോതില്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷ. മെയ്, നവംബര്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച പ്രധാന വിമാന ഓര്‍ഡറുകള്‍ ഇത്തിഹാദിന്റെ അടുത്ത ഘട്ട വളര്‍ച്ചയെ പിന്തുണക്കുമെന്ന് കരുതുന്നു. ഇത് നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും ഉല്‍പ്പന്ന വികസനത്തിനും വഴക്കം നല്‍കുന്നുണ്ട്.



