ഗുവാഹത്തി– മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. ഗുവാഹത്തി ആസ്ഥാനമായ വാജ്‌പേയി ഭവനിൽ നടന്ന ചടങ്ങിൽ അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയയുടെ നേതൃത്വത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും മതിയായ ഫണ്ട് കോൺഗ്രസിന്റെ പക്കലില്ലെന്ന് ബോറ ആരോപിച്ചു. 32 വർഷത്തെ കോൺഗ്രസിൽ പ്രവർത്തിച്ച ഭൂപൻ ബോറ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വത്തിന്റെ അവഗണനയും കാരണമാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 16ന് രാവിലെ 8 മണിയോടെ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും നാടകീയ രംഗങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വം ബോറയുടെ രാജി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. നിലവിലെ അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു ദിവസത്തെ സമയം ചോദിച്ചതിനു ശേഷം ഇന്നാണ് ബിജെപിയിലേക്കുള്ള ബോറയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുളള ഈ കൂറുമാറ്റം വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.



