ദോഹ– ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളിൽ ഒന്നായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (ഐബിപിസി) അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്സ് ഫോറം ഖത്തർ (ഇ.എഫ്) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. ആഷിഖ് അഹമ്മദ് (പ്രസിഡന്റ്) നിധിൻ ഒ സി(ജനറൽ സെക്രട്ടറി) ഷംനാദ് ഷംസുദ്ദീൻ (ട്രഷറർ) എന്നിവരാണ് മുഖ്യഭാരവാഹികൾ. മെമ്പർഷിപ്പ് ആന്റ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് വൈസ് പ്രസിഡന്റായി മുനവ്വർ മാലിക്ക്, ഫിനാൻസ് വൈസ് പ്രസിഡന്റായി നിഖിൽ ദേവ് പി.വി എന്നിവരെയും തെരഞ്ഞെടുത്തു. സാങ്കേതികം, കല, കായികം, ഗവേണൻസ്/കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലെ ഭാരവാഹികളും അസോസിയേറ്റ്സും ഉൾപ്പെട്ട സമിതിയും തെരഞ്ഞെടുത്തവരിലുണ്ട്.
മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി പ്രൊഫഷണൽ സംഘടനയായ എൻജിനീയേഴ്സ് ഫോറം പ്രൊഫഷണൽ രംഗത്തെ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാങ്കേതികരംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇൻഡോ – ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.
സുധീർ ഇടമനയുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ കമ്മിറ്റിയും ഷൗക്കത്തലി ടി എ ജെ ചെയർമാൻ ആയുള്ള ബോർഡ് ഓഫ് ഗവർണർമാരുമാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. അടുത്ത രണ്ട് വർഷത്തേക്കുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള റോഡ് മാപ്പ് തയ്യാറായി വരികയാണെന്നും സംഘടനയുടെ അഡ്മിനിസ്ട്രേഷൻ്റെ സമ്പൂർണ ഡിജിറ്റൈസേഷൻ, അംഗങ്ങളുടെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾക്കുള്ള അവസരം ഒരുക്കൽ, സാങ്കേതിക–കലാ –കായിക രംഗത്തെ സർഗശേഷി വർധിപ്പിക്കാൻ ഉതകുന്ന പരിപാടികൾ ഒരുക്കുക, കൂടുതൽ സമൂഹ ഇടപെടലുകൾ നടത്തുക എന്നിവയ്ക്ക് 2026–2028 കാലയളവിൽ മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2001ൽ സ്ഥാപിതമായ എൻജിനീയേഴ്സ് ഫോറം സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കുകയാണ്. വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ദോഹയിലെ പൊതുസമൂഹത്തെ കൂടി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആഘോഷ പരിപാടികളുടെ ആസൂത്രണത്തിലാണ് സംഘടന.



