റാമല്ല – വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. അക്രമത്തെ യു.എസ് എംബസി ഉദ്യോഗസ്ഥന്‍ അപലപിച്ചു. വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയെക്കാള്‍ ഉയര്‍ന്ന മറ്റൊരു മുന്‍ഗണന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ഇല്ലെന്ന് എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്തുള്ള മിഖ്മാസ് ഗ്രാമത്തില്‍ വെച്ചാണ് നസ്റല്ല മുഹമ്മദ് ജമാല്‍ അബൂസിയാമിനു നേരെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചത്.
ആടുകളെ മോഷ്ടിക്കാന്‍ കുടിയേറ്റക്കാര്‍ ഗ്രാമം ആക്രമിക്കുകയായിരുന്നെന്ന്, ഇസ്രായിലി സുരക്ഷാ സേനയുടെ പ്രതികാര നടപടികളെ ഭയന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച അബൂസിയാമിന്റെ ബന്ധു പറഞ്ഞു. അബൂസിയാം ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ മോഷണം തടയാന്‍ ശ്രമിച്ചു. ഇതോടെ ജൂതകുടിയേറ്റക്കാര്‍ ഗ്രാമവാസികള്‍ക്കു നേരെ നിറയൊഴിക്കാന്‍ ആരംഭിച്ചു. വെടിവെപ്പില്‍ അബൂസിയാമിനും മറ്റുള്ളവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നെന്നും ബന്ധു പറഞ്ഞു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഇക്കൂട്ടത്തില്‍ അബൂസിയാം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു.


2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലി കുടിയേറ്റക്കാരുടെ അക്രമം കുത്തനെ വര്‍ധിച്ചു. 2026 ല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തിന്റെ ഫലമായി ഏകദേശം 700 പേര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തതായി യു.എന്‍ ഡാറ്റ വ്യക്തമാക്കുന്നു. വെസ്റ്റ് ബാങ്കില്‍ 2026 ല്‍ ഒമ്പത് ഫലസ്തീനികളും 2025 ല്‍ 240 പേരും കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ വെസ്റ്റ് ബാങ്കില്‍ രണ്ട് ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായും ഡാറ്റ സൂചിപ്പിക്കുന്നു.


ജൂതകുടിയേറ്റക്കാരുടെ അക്രമത്തിന് ഇസ്രായില്‍ അപൂര്‍വമായി മാത്രമേ കുറ്റപത്രം സമര്‍പ്പിക്കാറുള്ളൂ. 2023 ഒക്ടോബര്‍ 7 മുതല്‍ രേഖപ്പെടുത്തിയ നൂറുകണക്കിന് കുടിയേറ്റക്കാരുടെ അക്രമ കേസുകളില്‍ രണ്ട് ശതമാനത്തില്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂവെന്ന് ഇസ്രായിലി വാച്ച്‌ഡോഗ് യെഷ് ദിന്‍ 2025 അവസാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിവിസ്റ്റ് ആയിഷ നൂര്‍ എസ്ഗി എഗെ ഉള്‍പ്പെടെ ഏതാനും അമേരിക്കന്‍ പൗരന്മാരെ ഇസ്രായില്‍ സേനകളോ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരോ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയിട്ടുണ്ട്.



