തൃശൂർ– സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാരും മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യു.എൻ.എ.) നേതൃത്വത്തിൽ ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. പണിമുടക്കിൻ്റെ ഭാഗമായി തൃശ്ശൂരിൽ വച്ച് അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും.
പ്രധാന ആവശ്യങ്ങൾ:
ശമ്പള വർധന: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർദ്ധിപ്പിക്കുക, മറ്റ് ജീവനക്കാർക്കും ആനുപാതികമായ ശമ്പള വർദ്ധനവ് നടപ്പിലാക്കുക.
തുല്യവേതനം: തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം നടപ്പിലാക്കുക. എൻ.എച്ച്.എം., പാലിയേറ്റീവ് കെയർ, എം.എൽ.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. വിഭാഗങ്ങളിലെ ജീവനക്കാർക്കും ഇത് ഉറപ്പാക്കുക.
കമ്മിറ്റി റിപ്പോർട്ടുകൾ: ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാർ കമ്മിറ്റി എന്നിവരുടെ ശുപാർശകൾ നടപ്പിലാക്കുകയും യു.ജി.സി. സ്കെയിൽ ശമ്പളം അനുവദിക്കുകയും ചെയ്യുക.
ആരോഗ്യമേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരോടും സമരത്തിൽ അണിചേരാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. തൃശ്ശൂരിലെ സമ്മേളനത്തിന് ശേഷം സമരത്തിൻ്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള തീരുമാനമുണ്ടാകും.



