ദോഹ– മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (ജിമാക്) പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടക്കം കുറിച്ചു. അൽവക്ര, ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലോഞ്ചിങ് ചടങ്ങ് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഖാലിദ് അബ്ദുൽറഹ്മാൻ അൽഫഖ്റു ഉദ്ഘാടനം ചെയ്തു. മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ ഡോ. ഗോകുലം ഗോപാലൻ ജിമാക് ലോഗോ പ്രകാശനം നിർവഹിച്ചു.
വ്യാപാര, വ്യവസായ, വിദ്യാഭ്യാസ, ആതുര സേവന, സിനിമാ രംഗങ്ങളിലെ നിസ്തുല സംഭാവനകളുടെ പേരിൽ ഗോകുലം ഗോപാലനെ ജിമാക് ആദരിച്ചു. ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ഗോപാലന് ഉപഹാരം നൽകി. ഓർഗനൈസിങ് കൺവീനർ ശ്രീനാഥ് പറമ്പത്ത് മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു. ഖത്തറിൽ 40 വർഷം പൂർത്തിയാക്കിയ മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥികളായ എം വി സിറാജുദ്ദീൻ, കെ കെ യൂസഫ്, എം വി അബൂതയ്യിബ് , പി ഹമീദ് എന്നിവരെയും ആദരിച്ചു. ഐ സി സി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, റേഡിയോ മലയാളം പ്രതിനിധി അൻവർ ഹുസൈൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് ഉപഹാരങ്ങൾ കൈമാറി.
‘റീകണക്ട്’ എന്ന പേരിൽ പുറത്തിറക്കിയ സുവനീർ ഗോകുലം ഗോപാലന് ആദ്യകോപ്പി നൽകി പരിപാടിയുടെ മുഖ്യ പ്രായോജകരായ കോൺകോർഡിൻറെ സാരഥി ജുബീഷ് പ്രകാശനം ചെയ്തു. സുധൻ കൈവേലിയുടെ ഹാസ്യ പ്രകടനവും, വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർദ്ധൻ, കൃതിക, ഫാരിഷ ഹുസൈൻ, റിയാസ് കരിയാട് എന്നിവരുടെ സംഗീത വിരുന്നും പരിപാടി ആകർഷകമാക്കി.
ജിമാക് പ്രസിഡണ്ട് അഡ്വ. ഫൈസൽ കേളോത്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



