റിയാദ് – ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനർനിർമ്മാണത്തിന് 50,000 കോടി ഡോളർ വരെ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി സിറിയൻ തദ്ദേശ സ്വയംഭരണ ഉപമന്ത്രി ദാഫിർ അൽഉമർ പ്രസ്താവിച്ചു. പുനർനിർമാണത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കുമെന്നും മുമ്പത്തേക്കാൾ മികച്ച അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയുടെ പുനർനിർമ്മാണച്ചെലവിന്റെ കണക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില കണക്കുകൾ 30,000 കോടി ഡോളർ വേണ്ടിവരുമെന്ന് പറയുന്നു. മറ്റുചില കണക്കുകൾ പുനർനിർമാണത്തിന് ഏകദേശം 50,000 കോടി ഡോളർ ആവശ്യമായി വരുമെന്ന് പറയുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗര പുനർനിർമ്മാണം പൊതുവെ വേഗതത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ദാഫിർ അൽ ഉമർ അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനുള്ള ചെലവ് മാത്രം 10,000 കോടി ഡോളറിലെത്തും. ഈ വലിയ കണക്കുകൾ നിക്ഷേപകർക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അവസരമാണ്. സിറിയ വിവിധ പുനർനിർമ്മാണ മേഖലകളിൽ ധാരാളം അവസരങ്ങളുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ്. പുനർനിർമ്മാണ പദ്ധതികളിൽ പ്രാഥമികമായി റോഡുകൾ, വൈദ്യുതി, വെള്ളം, ആശയവിനിമയം എന്നിവക്ക് മുൻഗണന നൽകും. തുടർന്ന് ദമാസ്‌കസ് ഗ്രാമപ്രദേശങ്ങൾ, അലപ്പോ, ഇദ്‌ലിബ്, ഹമ, ഹുംസ് എന്നിവിടങ്ങളിൽ ബോംബാക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ദാഫിർ അൽഉമർ സൂചിപ്പിച്ചു.



