ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മണ്ഡലങ്ങളിൽ പതിനേഴു വർഷമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ വാർഷിക ആഘോഷം ‘അമൃതോത്സവം-2026’ ഫെബ്രുവരി 12ന് നടക്കും. തഹ്‌ലിയ റോഡിലുള്ള ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ രാത്രി 8 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ മുഖ്യാതിഥിയായിരിക്കും.
സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, ഗായിക മീമ മുർഷിദ് (മീംസ് മി), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റാണ് വാർഷികത്തിന്റെ പ്രധാന ആകർഷണം. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂത നൃത്തം, ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പി.ജെ.എസ് ലേഡീസ് വിങ്ങിന്റെ നൃത്തം, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, പി.ജെ.എസ് ഗേൾസ് ടീമിന്റെ ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള പി.ജെ.എസ് ബീറ്റ്സ് അംഗങ്ങളുടെ ഗാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്യും. പി.ജെ.എസ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥമുള്ള അവാർഡ് പ്രശസ്ത ഗായിക മുംതാസ് അബ്ദു റഹ്‌മാനും, സംഘടനയുടെ ഫൗണ്ടർ മെമ്പർ ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥമുള്ള അവാർഡ് ആതുരസേവന രംഗത്തെ മികവിന് ഗുലൈൽ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ അർഷാദ് നൗഫലിനും സമ്മാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചിത്ര നായർക്ക് എഡ്യൂക്കേഷൻ അവാർഡും, സംഘടനയുടെ മുൻ രക്ഷാധികാരി അലി റാവുത്തർ തേക്കുതോടിന് ‘പി.ജെ.എസ് ഐക്കൺ ഓഫ് ദി ഇയർ’ പുരസ്കാരവും നൽകി ആദരിക്കും.
വാർത്താ സമ്മേളനത്തിൽ അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ. ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ പങ്കെടുത്തു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0538378734, 0502329342, 0551056087 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



