റിയാദ് – സൗദിയില്‍ ടൂറിസം മേഖല വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായി വകുപ്പ് മന്ത്രി അഹ്‌മദ് അല്‍ഖതീബ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷാവസാനത്തോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന 5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള മത്സരശേഷി വര്‍ധിപ്പിക്കാനുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഇത് പത്തു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്-സ്വകാര്യ മേഖലാ ഫോറത്തില്‍ പങ്കെടുത്ത് ടൂറിസം മന്ത്രി പറഞ്ഞു.
2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന 3.5 ശതമാനമായിരുന്നു.
ഈ മേഖല വന്‍തോതിലുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. 2020 നും 2030 നും ഇടയില്‍ ടൂറിസം മേഖലയില്‍ 45,000 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ നടക്കും. ഇതിന്റെ പകുതി വീതം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സ്വകാര്യ മേഖലയുമാണ് വഹിക്കുന്നത്. ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച തൊഴില്‍ വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു. ടൂറിസം മേഖലയിലെ ജീവനക്കാരുടെ എണ്ണം 7,50,000 ല്‍ നിന്ന് പത്തു ലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ രാജ്യത്തുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ ടൂറിസം പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ സ്വകാര്യ മേഖലക്ക് വലിയ അവസരമുണ്ട്. ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ് ഭേദിക്കുന്ന കണക്കുകള്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ചു. സാമ്പത്തിക പരിവര്‍ത്തന പദ്ധതിയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന മേഖലകളില്‍ ഒന്നായി ടൂറിസം മേഖല മാറിയിട്ടുണ്ടെന്ന് അഹ്‌മദ് അല്‍ഖതീബ് ചൂണ്ടിക്കാണിച്ചു.
2016 ല്‍ വിഷന്‍ 2030 ആരംഭിച്ചതോടെ തുടക്കം കുറിച്ച ഒരു പാതയുടെ തുടര്‍ച്ചയാണ് ഈ ഫലങ്ങള്‍. വിഷന്‍ 2030 സമാരംഭത്തോടെ പരമ്പരാഗത മേഖലകളെ മാത്രം ആശ്രയിക്കാതെ, രാജ്യം സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിലേക്ക് നീങ്ങി. എണ്ണ, വാതകം, പെട്രോകെമിക്കല്‍, സാമ്പത്തിക മേഖലകളിലെ മുന്‍കാല അനുഭവങ്ങള്‍ പ്രധാന സാമ്പത്തിക മേഖലകള്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചുവെന്നും ഇദ്ദേഹം പരിപാടിയിൽ പറഞ്ഞു.
സേവനാധിഷ്ഠിത സ്വഭാവം കാരണം ആഗോളതലത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ടൂറിസം മേഖല. ലോക സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമാണ്. ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള സമഗ്ര ടൂറിസം മേഖല കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യം നേടാന്‍ ശ്രമിക്കുന്ന ലക്ഷ്യമാണിത്.
ഏകദേശം 800 കോടി വരുന്ന ആഗോള ജനസംഖ്യയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഏകദേശം 150 കോടിയിലെത്തിയതായി വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിനോദസഞ്ചാരികളുടെ എണ്ണം 200 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ഉറവിട വിപണികളില്‍ രണ്ടെണ്ണമായ ഇന്ത്യയിലെയും ചൈനയിലെയും മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ധനവിന് കാരണം.
മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന 300 ബില്യണ്‍ റിയാലില്‍ നിന്ന് 600 ബില്യണ്‍ റിയാലായി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നു. ടൂറിസം മേഖലാ ജോലികളില്‍ സ്വദേശി പ്രതിഭകളെ പരിശീലിപ്പിക്കാനും വികസിപ്പിക്കാനുമായി 2020 മുതല്‍ രാജ്യം പ്രതിവര്‍ഷം ഏകദേശം 30 കോടി റിയാല്‍ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന് വൈവിധ്യമാര്‍ന്ന ടൂറിസം ആസ്തികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, ആഗോള കായിക മത്സരങ്ങള്‍ തുടങ്ങിയ വരാനിരിക്കുന്ന പ്രധാന പരിപാടികള്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയെ പിന്തുണക്കും. സൗദിയില്‍ പ്രതിവര്‍ഷ വിനോദ സഞ്ചാരികളുടെ എണ്ണം വൈകാതെ 15 കോടിയിലെത്തും. നിലവില്‍ പ്രതിവര്‍ഷം 12.2 കോടി ടൂറിസ്റ്റുകളാണ് സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്. വിവിധ മേഖലകളില്‍ ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ടൂറിസം മന്ത്രി നിക്ഷേപകരോട് ആഹ്വാനം ചെയ്തു.



