അങ്കാറ – ഇസ്രായില്‍ ചാരംസംഘടനയായ മൊസാദിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഏജന്റുമാരെ തുര്‍ക്കി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഇസ്താംബൂള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസുമായും നഗരത്തിലെ തീവ്രവാദ വിരുദ്ധ വിഭാഗവുമായും സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. മോണിറ്റര്‍ എന്ന് പേരിട്ട ഓപ്പറേഷനില്‍ മുഹമ്മദ് ബുദാക് ദെര്യ എന്ന തുര്‍ക്കി പൗരനെയും തുര്‍ക്കി പൗരത്വമുള്ള ഫൈസല്‍ കരീമോഗ്ലു എന്ന പലസ്തീന്‍ വംശജനെയും അറസ്റ്റ് ചെയ്തതായി തുര്‍ക്കി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരെയും തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം ദീര്‍ഘകാലമായി നിരീക്ഷിച്ചിരികയായിരുന്നു.
2012-ൽ അലി അഹമ്മദ് യാസീൻ എന്ന വ്യക്തി മുഖേന ദെര്യയെ സമീപിച്ച മൊസാദ്, പിന്നീട് യൂറോപ്പിലെ കൂടിക്കാഴ്ചകളിലൂടെ ഇയാളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. മൊസാദ് ഏജന്റ് ലൂയിസിന്റെ നിർദ്ദേശപ്രകാരമാണ് കരീമോഗ്ലുവിനെ ജോലിയിൽ നിയമിച്ചത്.
വ്യാപാരത്തിന്റെ മറവിൽ വർഷങ്ങളായി ചാരവൃത്തി നടത്തിവന്ന ഇവർ, മൂന്നാം രാജ്യങ്ങളിൽ വെച്ച് മൊസാദ് ഉദ്യോഗസ്ഥരെ കാണുകയും എൻക്രിപ്റ്റ് ചെയ്ത ഉപകരണങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഫലസ്തീൻ അനുകൂല വ്യക്തികളുമായും സംഘടനകളുമായും ബന്ധം സ്ഥാപിച്ച് അവരെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ ചോർത്തിയിരുന്നു. കൂടാതെ ഗാസയിലെ വെയർഹൗസുകൾ നിരീക്ഷിക്കാനും അവിടെ പ്രവേശിക്കാൻ പെർമിറ്റ് നേടാനും ശ്രമിച്ച ഇവർ, 2016-ൽ മൊസാദ് കൊലപ്പെടുത്തിയ തുനീഷ്യൻ എഞ്ചിനീയർ മുഹമ്മദ് സവാരിക്ക് ഡ്രോൺ ഭാഗങ്ങൾ വിൽക്കാനും ശ്രമിച്ചിരുന്നു. ഏഷ്യയിലും യൂറോപ്പിലും വെച്ച് രണ്ട് തവണ നുണ പരിശോധനയ്ക്ക് വിധേയനായ ദെര്യയെ വിശ്വസ്തനായി കണ്ട മൊസാദ്, വിതരണ ശൃംഖലകളിൽ നുഴഞ്ഞുകയറാൻ ഷെൽ കമ്പനികൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. ലെബനനിൽ പേജറുകളും വാക്കി-ടോക്കികളും ഉപയോഗിച്ച് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട അതേ ശൈലിയിലുള്ള നുഴഞ്ഞുകയറ്റത്തിനാണ് തുർക്കിയിൽ ഇവർ ശ്രമിച്ചത്. സമീപകാലത്ത് സെർക്കാൻ സിസെക് ഉൾപ്പെടെ നിരവധി മൊസാദ് ഏജന്റുമാരെയും സെല്ലുകളെയും പിടികൂടിയ ‘മോൾ-സെമിത്തേരി’ തുടങ്ങിയ ഓപ്പറേഷനുകളുടെ തുടർച്ചയാണിത്. ഫലസ്തീനികളെയും മറ്റ് വിദേശികളെയും നിരീക്ഷിക്കാൻ റിക്രൂട്ട് ചെയ്ത 46 ഏജന്റുമാരുടെ ശൃംഖല ഉൾപ്പെടെ മുൻപ് തുർക്കി തകർത്തിരുന്നു.



