ഹരാരെ – ലോക ക്രിക്കറ്റിലെ കൗമാരപ്പടയുടെ രാജാക്കന്മാരായി വീണ്ടും ഇന്ത്യ. സിംബാബ്‌വെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ ആറാം അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 412 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത് ഓപ്പണർ 14 കാരനായ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിംഗാണ്. വെറും 80 പന്തുകളിൽ നിന്ന് 175 റൺസെടുത്ത സൂര്യവംശി ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോർഡ് സ്വന്തമാക്കി. 15 സിക്സറുകളും 15 ഫോറുകളും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിംഗ്സ്. ക്യാപ്റ്റൻ ആയുഷ് മാത്രെ (53) മികച്ച പിന്തുണ നൽകി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സെമി ഫൈനലിലെ ഹീറോ മലയാളി താരം ആരോൺ ജോർജിനെ (9) ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ സൂര്യവംശിയും മാത്രെയും ചേർന്ന് പടുത്തുയർത്തിയ 142 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തായി. മധ്യനിരയിൽ അഭിഗ്യാൻ കുണ്ടു (40), കനിഷ് ചൗഹാൻ (പുറത്താവാതെ 37), വേദാന്ത് ത്രിവേദി (32), വിഹാൽ മൽഹോത്ര (30) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നപ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ജോസഫ് മൂർസിനെ (17) നഷ്ടമായി. തുടർന്ന് ബെൻ ഡോക്കിൻസും (66) ബെൻ മയേസും (45) ചേർന്ന് 74 റൺസ് കൂട്ടിചേർത്തെങ്കിലും ഖിലൻ പട്ടേൽ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മധ്യനിരയിൽ റാൽഫി ആൽബെർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. എങ്കിലും കലേബ് ഫാൽക്കോണർ (115) ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ചു. ജെയിംസ് മിന്റോയ്ക്കൊപ്പം (28) 92 റൺസ് കൂട്ടിചേർത്ത ഫാൽക്കോണർ 67 പന്തിൽ ഏഴ് സിക്സും ഒമ്പത് ഫോറും സഹിതം സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ 41-ാം ഓവറിൽ ഫാൽക്കോണർ വീണതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ആർ.എസ്. ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സൂര്യവംശിയാണ് കളിയിലെ താരം.



