തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ഇതിഹാസവുമായ വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ ബഹുമതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം പാർട്ടിയുടേതാകുമെന്ന് മകൻ വി.എ. അരുൺകുമാർ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കിൽ അരുൺകുമാർ കുറിപ്പ് പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പുരസ്കാര വിവരം അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
പതിറ്റാണ്ടുകളോളം ജനകീയ പോരാട്ടങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്റെ അടയാളമായാണ് ഈ ആദരത്തെ കാണുന്നതെന്ന് അരുൺകുമാർ പറഞ്ഞു. എന്നാൽ, ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വി.എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് (സി.പി.എം) വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പാർട്ടിയുടെ മൂല്യങ്ങളെയും തീരുമാനങ്ങളെയും എപ്പോഴും മുറുകെ പിടിച്ച വ്യക്തിയായിരുന്നു വി.എസ്. അതുകൊണ്ടുതന്നെ പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.


ജനഹൃദയങ്ങളിൽ വി.എസ്സിന് ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു ഔദ്യോഗിക പുരസ്കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇ.എം.എസ് അടക്കമുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴും പാർട്ടി നിലപാട് മുൻനിർത്തി അവ നിരസിച്ച ചരിത്രമുണ്ട്. ഈ പശ്ചാത്തലത്തിൽ, വി.എസ്സിന്റെ കാര്യത്തിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



