മനാമ– സിത്രയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മതിൽ തകർന്നു വീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ ബഹ്റൈനി സൈറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കോടതി. മനഃപൂർവമല്ലാത്ത നരഹത്യ, സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 44-കാരനായ ബഹ്റൈനി കോൺട്രാക്ടർക്ക് മൂന്നുമാസം തടവ് ശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി വിധിച്ചത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. 60 വയസ്സുകാരനായ ബൽവീന്ദർ സിംഗ് എന്ന തൊഴിലാളിയാണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ ചായ കുടിക്കാനായി ജനലിനരികിൽ ഇരുന്ന അദ്ദേഹം, തിരികെ ജോലിക്ക് കയറാൻ എഴുന്നേറ്റപ്പോൾ തലകറക്കം അനുഭവപ്പെടുകയും ബാലൻസ് തെറ്റി സമീപത്തെ മതിലിൽ ചാരിയെന്നുമാണ് റിപ്പോർട്ട്. എന്നാൽ നിർമ്മാണം പൂർത്തിയാകാത്ത മതിൽ തകർന്ന് അദ്ദേഹം മൂന്നു മീറ്റർ ഉയരത്തിൽ നിന്ന് താഴെയുള്ള സിമന്റ് കട്ടകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈറ്റ് മാനേജർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. മതിലിന് മുകളിലെ ഭാരം താങ്ങാൻ ആവശ്യമായ ‘ലിന്റൽ’ (Lintel) സ്ഥാപിക്കുന്ന ജോലികൾക്കിടെയാണ് അപകടം നടന്നത്. സൈറ്റിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിൽ മാനേജർ പരാജയപ്പെട്ടെന്നും കോടതി കണ്ടെത്തി.
തൊഴിലാളിയുടെ മരണം തൊഴിലുടമയുടെയും മാനേജറുടെയും ഉത്തരവാദിത്തമാണെന്ന ലേബർ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ശിക്ഷാ നടപടികളിലേക്ക് നീങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.



