റിയാദ്– ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ റിയാദ് ഇന്ത്യന്‍ എംബസി വിരുന്ന് സംഘടിപ്പിച്ചു. റിയാദ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈരി, സൗദി ആഭ്യന്തര സഹമന്ത്രിയും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായവിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 2025 ഏപ്രിലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ നടത്തിയ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധവും കരുത്തും പകര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരവും തെയ്യവും ഉള്‍പ്പെടെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട നൃത്തശില്പം അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം അവതരിപ്പിച്ചത് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ വേറിട്ട അനുഭവമായി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി സാരികളുടെ പ്രദര്‍ശനം, വിരുന്നില്‍ സജ്ജീകരിച്ചിരുന്ന ഇന്ത്യന്‍ കോഫി ബൂത്ത് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടൂറിസം, ആരോഗ്യ മേഖലകളിലെ ഇന്ത്യയുടെ വളര്‍ച്ച വ്യക്തമാക്കുന്ന സ്റ്റാളുകളും ചടങ്ങില്‍ ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഇന്ത്യന്‍ ഭക്ഷണത്തോടു കൂടിയാണ് ആഘോഷ പരിപാടികള്‍ക്ക് സമാപനമായത്.



