ദുബൈ – തങ്ങളുടെ വിമാനനിരയുടെയും സര്‍വീസ് നെറ്റ്വര്‍ക്കിന്റെയും വലിയ വിപുലീകരണത്തിന് തയ്യാറെടുക്കുന്ന ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് 2030 ഓടെ 20,000 ഓളം ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. ദുബൈയിലെ എമിറേറ്റ്‌സ് ആസ്ഥാനത്ത് നടന്ന മീഡിയ റൗണ്ട് ടേബിളില്‍ എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ ആദില്‍ അല്‍രിദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതല്‍ വിമാനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി ഞങ്ങള്‍ നിയമനങ്ങള്‍ തുടരുന്നു. പുതിയ വിമാനങ്ങള്‍ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കോ സര്‍വീസ് വര്‍ധിപ്പിക്കാനായി നിലവിലുള്ള റൂട്ടുകളിലേക്കോ വിന്യസിക്കും. വ്യത്യസ്ത ഓപ്പറേഷണല്‍ റോളുകളിലേക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും. ക്യാബിന്‍ ജീവനക്കാര്‍, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്ക് ഒഴിവുകള്‍ ലഭ്യമാകും. കൂടുതല്‍ സ്വദേശി പൗരന്മാരെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രോഗ്രാമുകള്‍ എമിറേറ്റ്‌സിനുണ്ട്.
ഈ വര്‍ഷാവസാനത്തോടെ 150 വിമാനങ്ങളില്‍ എമിറേറ്റ്‌സ് സൗജന്യ സ്റ്റാര്‍ലിങ്ക് വൈ-ഫൈ സജ്ജീകരിക്കും. പത്തു ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സ്ഥാപിച്ച് ഇതിന്റെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 2027 മധ്യത്തോടെ കമ്പനിക്കു കീഴിലെ 232 വൈഡ്-ബോഡി വിമാനങ്ങളെ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനവുമായി പുനഃക്രമീകരിക്കാനുള്ള എമിറേറ്റ്സിന്റെ വിശാലമായ പദ്ധതിയിലെ പ്രധാന ചുവടുവെപ്പാണ് ഈ അഭിലാഷ പദ്ധതിയെന്ന് ആദില്‍ അല്‍രിദ പറഞ്ഞു.



