ജിദ്ദ- നീണ്ട വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്നു അമ്മയുടെയും മകളുടെയും കാഴ്ച്ചക്കിടയിൽ. പതിനൊന്നു വർഷം കാണാതിരുന്നതിന്റെ സങ്കടങ്ങൾ അവർ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഉരുക്കി കളഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട മകളെ കാണാനെത്തിയ അമ്മക്ക് പറയാൻ വാക്കുകളൊന്നുമില്ലായിരുന്നു. മമ്മി വിഷമിക്കരുത്, എല്ലാം ശരിയാകുമെന്ന ഒറ്റവാക്കിൽ അമ്മയുടെ സങ്കടങ്ങൾ മകൾ തീർത്തുകൊടുത്തു. യെമനിലെ സൻആ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയും അമ്മ പ്രേമകുമാരിയും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു.
കേരളത്തിലെ പാലക്കാട്ടുനിന്ന് കൊച്ചി വഴി മുംബൈയിലൂടെ യെമനിലെ ഏദനിലെത്തിയ പ്രേമകുമാരി റോഡ് മാർഗം പന്ത്രണ്ടു മണിക്കൂർ സഞ്ചരിച്ചാണ് സൻആയിലെത്തിയത്. നിമിഷ പ്രിയ കേസിലെ നിയമനടപടികൾക്ക് യെമനിൽ നേതൃത്വം നൽകുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പമുണ്ട്. ദൽഹി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിലാണ് ഇരുവരും യെമനിലെത്തിയത്.
മകളെ കണ്ട നിമിഷം പ്രേമകുമാരി വിവരിച്ചു. മൂന്നു മണിക്കൂറിലേറെ മകളുമൊത്ത് ജയിലിൽ നിൽക്കാനായി. പതിനൊന്നു വർഷത്തിന് ശേഷം ഇതാദ്യമായാണ് നിമിഷപ്രിയയെ കാണുന്നത്. പർദ്ദയിട്ട് തന്റെ അടുത്തേക്ക് വന്ന നിമിഷയെ ആദ്യം മനസിലായില്ല. എഴുന്നേറ്റ് നിന്നപ്പോഴാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. അവൾ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. മമ്മി കരയരുതെന്നും എല്ലാം ശരിയാകുമെന്നും അവൾ പറഞ്ഞു.
ജയിലിൽ ഏറെ സുരക്ഷിതയാണ് നിമിഷ പ്രിയ. ജയിലിലെ മറ്റ് അന്തേവാസികൾക്കും നിമിഷയെ ഏറെ ഇഷ്ടമാണ്. അവരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിചരിക്കുന്നത് അവളാണ്. ഞാൻ അവളെ കൊണ്ടുപോകാൻ വന്നതാണെന്ന് കരുതി അവർ പൊട്ടിക്കരയുകയായിരുന്നു. യെമൻ എന്ന രാജ്യത്തിന്റെ കരുണയും സംരക്ഷണവുമാണ് തന്റെ മകൾക്ക് ഇപ്പോഴുള്ളതെന്നും പ്രേമകുമാരി പറഞ്ഞു.