റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ‘ഇരുമ്പു മതിൽ’ എന്ന് വിളിക്കപ്പെടുന്ന ഇസ്രായിലി സൈനിക നടപടി ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. ഇക്കാലയളവിൽ വടക്കൻ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പുകളിൽ നിന്ന് 33,000 പേർ നിർബന്ധിതമായി കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് യു.എൻ റിലീഫ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഫലസ്തീൻ അഭയാർഥി ക്യാമ്പുകൾക്കെതിരായ ഇസ്രായിലി ആക്രമണത്തിന്റെയും പതിനായിരക്കണക്കിന് ആളുകളെ നിർബന്ധിതമായി കുടിയിറക്കിയതിന്റെയും ഫലമായി അധിനിവിഷ്ട വെസ്റ്റ് ബാങ്ക് 1967 ന് ശേഷമുള്ള ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇസ്രായിൽ സൈന്യം അഭയാർഥി ക്യാമ്പുകൾ തകർക്കുന്നത് തുടരുന്നു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവ ലഭിക്കുന്നതിന് പ്രായോഗികമായ ബദലുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട പുതുതായി കുടിയിറക്കപ്പെട്ട ഫലസ്തീൻ അഭയാർഥികളെ സഹായിക്കാൻ യു.എൻ റിലീഫ് ഏജൻസി ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യു.എൻ റിലീഫ് ഏജൻസിയുടെ പ്രവർത്തനം തുടരാൻ അംഗരാജ്യങ്ങളിൽ നിന്ന് തുടർച്ചയായ രാഷ്ട്രീയ, സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.



