ദോഹ– യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കത്തോലിക്കാ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് ഖത്തറിൽ സ്വീകരണം നൽകി. ദോഹയിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, കോപ്റ്റിക്, എത്യോപ്യൻ, മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ഗ്രീക്ക്, കത്തോലിക്കാ സഭ, മറ്റു ക്രൈസ്തവ സഭകൾ എന്നിവയുടെ സഹകരണത്തോടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.
അബുഹമൂറിലെ കോപ്റ്റിക് ചർച്ച് കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണ വേദിയിലേക്ക് കത്തോലിക്കാ ബാവയെ ഭക്തിസാന്ദ്രമായ ഘോഷയാത്രയിലൂടെ ആനയിച്ചു. മാലാഖമാരായി വേഷമണിഞ്ഞ സൺഡേ സ്കൂൾ കുട്ടികൾ, വിശ്വാസികൾ, വൈദികർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. വർണ്ണക്കുടകൾ, തെളിയിച്ച മെഴുകുതിരികൾ, പതാകകൾ, ബാൻഡ്മേളം, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.
വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും, ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ അപെക്സ് ബോഡി പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ നേതാക്കളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ അഭിവന്ദ്യ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെന്റ് ജെയിംസ് പള്ളിയുടെ വികാരി റെവറന്റ് ഫാദർ ഫെവിൻ ജോൺ സ്വാഗതം ആശംസിച്ചു.
ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും സഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കത്തോലിക്കാ ബാവ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. വിദേശികൾക്ക് തങ്ങളുടെ ആരാധനാ സ്വാതന്ത്യവും, സമാധാനപരവും സുരക്ഷിതവുമായ ജീവിതവും ഉറപ്പാക്കുന്ന ഖത്തർ രാജ്യത്തിന്റെ പ്രിയപ്പെട്ട അമീറോടുള്ള നന്ദിയും ആദരവും അദ്ദേഹം രേഖപ്പെടുത്തി. ദോഹയിലെ സെന്റ് ജെയിംസ് പള്ളി സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച അനുഭവങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു.
ചടങ്ങിൽ സംസാരിച്ച ഓഫീസ് ഫോർ സർവീസസ് അഫയേഴ്‌സിന്റെ അസിസ്റ്റന്റ് ഡയറക്ടർ മറിയം നാസർ അൽ ഹെയിൽ, പ്രവാസികളുടെ സംഭാവനകൾ പ്രശംസിക്കുകയും ഖത്തർ നാഷണൽ വിഷൻ 2030 സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ അംബാസഡർ വിപുൽ, ക്രൈസ്തവ സമൂഹത്തിന്റെ സേവനങ്ങളെ അഭിനന്ദിച്ച് ഇന്ത്യൻ എംബസിയുടെ പിന്തുണ ഉറപ്പുനൽകി. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് ഹിസ് എമിനൻസ് അരിസ്റ്റോവുലോസ്, കോപ്റ്റിക് സഭയിലെ ഫാ. ബൗലോസ് നസർ, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഐ .സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാൻ, അബ്ദുൽ സത്താർ, സി. വി. റപ്പായി, ബോബി തോമസ് എന്നിവർ കത്തോലിക്കാ ബാവയെ ആദരിച്ചു.
ഫാ. റൊസാരിയോ കോളാക്കോ, ഫാ. ടി. എസ്. അലക്സാണ്ടർ, ഫാ. മോസസ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. സെന്റ് ജെയിംസ് പള്ളി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജിപ്സൺ ജേക്കബ് നന്ദി പ്രസ്താവം നടത്തി. പള്ളി ട്രസ്റ്റി ജോസഫ് ജോർജ്, വൈസ് പ്രസിഡന്റ് ജീൻ പോൾ എന്നിവരും മറ്റു പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.



