ജിദ്ദ – സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളിലെ 18 പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പ്രത്യേക തൊഴിലുകളില്‍ സൗദിവല്‍ക്കരണ നിലവാരം ഉയര്‍ത്താനും രാജ്യത്തുടനീളം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ് പ്രൊഫഷനുകളിലും, സെയില്‍സ് പ്രൊഫഷനുകളിലും സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താന്‍ ഈ തീരുമാനങ്ങൾ അനുശാസിക്കുന്നു.മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്.
മാര്‍ക്കറ്റിംഗ് പ്രൊഫഷനുകളില്‍ സ്വദേശി ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം 5,500 റിയാലായി നിശ്ചയിച്ചിട്ടുമുണ്ട്. ഇതില്‍ കുറവ് വേതനം ലഭിക്കുന്ന സൗദികളെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം കണക്കാക്കി സൗദിവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തില്ല.
മാര്‍ക്കറ്റിംഗ് മാനേജര്‍, അഡ്വര്‍ട്ടൈസിംഗ് ഏജന്റ്, അഡ്വര്‍ട്ടൈസിംഗ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈനര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, അഡ്വര്‍ട്ടൈസിംഗ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോട്ടോഗ്രാഫര്‍ എന്നീ പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്നു മുതല്‍ മൂന്ന് മാസത്തിന് ശേഷം തീരുമാനം നടപ്പാക്കും. ഇതിലൂടെ സൗദിവല്‍ക്കരണത്തിന് തയാറെടുക്കാനും നടപ്പാക്കാനും സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും.
സെയില്‍സ് പ്രൊഫഷനുകളിലെ സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് റെപ്രസന്റേറ്റീവ്, ഹോള്‍സെയില്‍ സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് റെപ്രസന്റേറ്റീവ്, ഐ.ടി, കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങളുടെ സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, കൊമേഴ്സ്യല്‍ സ്‌പെഷ്യലിസ്റ്റ്, ഗുഡ്‌സ് ബ്രോക്കര്‍ എന്നിവ സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പ്രൊഫഷനുകളില്‍ ഉള്‍പ്പെടുന്നു. ഇന്നു മുതല്‍ മൂന്ന് മാസത്തിന് ശേഷം ഈ തീരുമാനവും നടപ്പാക്കും. ഇത് ആവശ്യകതകള്‍ നിറവേറ്റാനും ലക്ഷ്യമിട്ട സൗദിവല്‍ക്കരണ നിരക്ക് കൈവരിക്കാനും സ്ഥാപനങ്ങളെ പ്രാപ്തമാക്കും.
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനുകളിലെ തൊഴിലന്വേഷകരുടെ എണ്ണത്തിനും സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യകതകള്‍ക്കും അനുസൃതമായി, തൊഴില്‍ വിപണി ആവശ്യകതകളെ കുറിച്ചുള്ള വിശകലന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും സ്വദേശികളുടെ തൊഴില്‍ സ്ഥിരത വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.



