മനാമ– രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയില്‍ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോള്‍ എസ്.ഐ.ആര്‍ നടപടികള്‍ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.
തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ദരിദ്രര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ഏറ്റവും ദുര്‍ബല വിഭാഗങ്ങളാണ് എസ്.ഐ.ആര്‍ പ്രക്രിയയില്‍ ഏറ്റവും കൂടുതല്‍ ദോഷം അനുഭവിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെല്‍ഫെയര്‍ എസ്‌ഐആര്‍ ഹെല്‍പ്പ് ഡസ്‌ക് കണ്‍വീനറുമായ അജ്മല്‍ ഹുസൈന്‍ പറഞ്ഞു. രേഖകള്‍ എളുപ്പത്തില്‍ ലഭിക്കാത്തവര്‍, താമസം ഇടയ്ക്കിടെ മാറുന്നവര്‍, ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രവേശനം ഇല്ലാത്തവര്‍ എന്നിവരെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതല്‍ രൂപപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വോട്ടര്‍ പട്ടിക പരിഷ്‌കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണമെന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ തകര്‍ക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികള്‍ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്ന അപകടകരമായ നീക്കമായതിനാല്‍ എസ് ഐ ആര്‍ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാന്‍ കഴിയില്ല. പ്രവാസി സെന്റര്‍ വഴി നടത്തുന്ന എസ്‌ഐആര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ അജ്മല്‍ ഹുസൈന്‍ വിശദീകരിച്ചു. ഇനിയും എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പ്രവാസി സെന്ററില്‍ എല്ലാ ദിവസവും വൈകുന്നേരം 7.00 മുതല്‍ ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു. ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, സബീന അബ്ദുല്‍ ഖാദിര്‍, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇര്‍ഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.



