ജിദ്ദ – പുസ്തകത്താളുകളിലെ വിസ്മയങ്ങൾ പ്രവാസി ഹൃദയങ്ങളിലേക്ക് പകർന്നുനൽകി, ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഢമായി സമാപിച്ചു. ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേള, വായനയെ സ്‌നേഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
വായിച്ചുതീർന്ന പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് കൈമാറാനും, ഏറെ നാളായി തേടിയിരുന്ന കൃതികൾ സ്വന്തമാക്കാനും അവസരമൊരുക്കിയ ‘ബുക്ക് ഹറാജ്’ ജിദ്ദയിലെ പുസ്തകമേളകൾക്ക് പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചു. രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പ്രവാസി എഴുത്തുകാരുടെ കൃതികൾ മുതൽ ആത്മകഥകൾ, നോവലുകൾ, കവിതകൾ, കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക് ഗ്രന്ഥങ്ങൾ, മത ഗ്രന്ഥങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരം വായനക്കാർക്കായി ഒരുക്കിയിരുന്നു. പ്രവാസി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.


പ്രശസ്ത മാധ്യമപ്രവർത്തകൻ അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്‌ക്രീനുകളിൽ നിന്നുള്ള വായനയും കൈയിലെടുത്ത് ഒരു പുസ്തകം വായിക്കുന്ന അനുഭവവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഫോക്കസ് ഇന്റർനാഷണലിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബുക്ക് ഹരാജ് കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവർത്തകൻ വഹീദ് സമാൻ, പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എന്നിവർ ആശംസകൾ നേർന്നു. സാംസ്‌കാരിക-മാധ്യമ രംഗത്തെ അൻപതിലധികം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കമ്മിറ്റി കൺവീനർ റഷാദ് കരുമാര നന്ദി രേഖപ്പെടുത്തി .
ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയ വിവിധ സ്റ്റാളുകൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വനിതകളുടെയും വിദ്യാർത്ഥിനികളുടെയും കലാപാടവം തെളിയിക്കുന്ന പെയിന്റിംഗുകളും കാലിഗ്രാഫി കൃതികളും പ്രദർശിപ്പിച്ചു. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം എന്നിവയെ ആസ്പദമാക്കിയ ചിത്രങ്ങൾ കാഴ്ചക്കാരുടെ പ്രത്യേക പ്രശംസ നേടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രമുഖരുമായി പ്രിൻസാദ് പാറായി നടത്തിയ ആശയ വിനിമയവും ശ്രദ്ധേയമായി.
എ.പി.ജെ. അബ്ദുൽ കലാം, വൈക്കം മുഹമ്മദ് ബഷീർ, സ്റ്റീഫൻ ഹോക്കിംഗ്, എസ്.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ സംഭാവനകളും പുസ്തകങ്ങളും പരിചയപ്പെടുത്തിയ ക്യാൻവാസുകളും മേളയ്ക്ക് ഗാംഭീര്യം പകർന്നു. പൗലോ കൊയ്ലോയുടെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ശില്പങ്ങൾ ഏറെ കൗതുകം സൃഷ്ടിച്ചു.
കാപ്പിക്കുരുവിന്റെ കഥ പറഞ്ഞ ബുക്ക് എ കോഫി പവലിയനും, ഫോട്ടോ ബൂത്തും ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളും പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി. മലയാളികളുടെ പുസ്തകത്തോടുള്ള അടങ്ങാത്ത ആവേശം വിളിച്ചോതുന്ന തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. വായന സംസ്‌കാരത്തിന്റെ ശക്തമായ പുനരുജ്ജീവനമായാണ് ജിദ്ദയിലെ ‘ബുക്ക് ഹരാജ്’ മാറിയത്.



