ജിദ്ദ – യു.എ.ഇ ഗവണ്‍മെന്റുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുന്നതായി സോമാലിയ മന്ത്രിസഭ പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, സൊമാലിയയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുമായുള്ള കരാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ബെര്‍ബെറ, ബോസാസോ, കിസ്മായോ തുറമുഖങ്ങളിലെ എല്ലാ കരാറുകള്‍ക്കും സഹകരണ കരാറുകള്‍ക്കും ഈ തീരുമാനം ബാധകമാണെന്ന് മന്ത്രിസഭ വ്യക്തമാക്കിയതായി സൊമാലിയന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉഭയകക്ഷി സുരക്ഷാ, പ്രതിരോധ സഹകരണ കരാറുകള്‍ ഉള്‍പ്പെടെ സൊമാലിയ ഫെഡറല്‍ ഗവണ്‍മെന്റും യു.എ.ഇ സര്‍ക്കാരും തമ്മിലുള്ള നിലവിലുള്ള എല്ലാ കരാറുകളും മന്ത്രിസഭ റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരം, ദേശീയ ഐക്യം, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന യു.എ.ഇയുടെ ദ്രോഹകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ശക്തമായ തെളിവുകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രിസഭ സൂചിപ്പിച്ചു. സൊമാലിയ കക്ഷിയായ ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍, അറബ് ലീഗ്, ഒ.ഐ.സി എന്നിവയുടെ ചാര്‍ട്ടറുകളില്‍ അനുശാസിക്കുന്നതു പോലെ പരമാധികാരം, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, രാജ്യത്തിന്റെ ഭരണഘടനാ സംവിധാത്തോടുള്ള ബഹുമാനം എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് യു.എ.ഇയുടെ ഈ പ്രവര്‍ത്തനങ്ങളെന്ന് പ്രസ്താവന പറയുന്നു.
ഈ തീരുമാനങ്ങള്‍ യു.എ.ഇ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും അവ നടപ്പാക്കുന്നതില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാനും, ആഫ്രിക്കന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളെ ഇക്കാര്യം അറിയിക്കാനും രാജ്യത്തിന്റെ പരമാധികാര അവകാശങ്ങളും ഭരണഘടനാപരമായ പ്രത്യേകാവകാശങ്ങളും ഊന്നിപ്പറയാനും വിദേശ മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഭൂപ്രദേശം, തുറമുഖങ്ങള്‍, സുരക്ഷാ കാര്യങ്ങള്‍, വിദേശ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരമാധികാര ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഈ തീരുമാനം സ്ഥിരീകരിക്കുന്നതായും മന്ത്രിസഭ പറഞ്ഞു.



