റിയാദ് – സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങള്‍ 977 ബില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. സൗദി-ജാപ്പനീസ് മന്ത്രിതല ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. വിഷന്‍ 2030 ആരംഭിച്ച ശേഷം രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി. 2024 ല്‍ ഇത് 119.2 ബില്യണ്‍ സൗദി റിയാലായി ഉയര്‍ന്നു. ഈ വര്‍ഷത്തോടെ റിയല്‍ എസ്റ്റേറ്റ് വിപണിയും ഷെയര്‍ മാര്‍ക്കറ്റും വിദേശ നിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന പ്രധാന പ്രകടന സൂചകങ്ങള്‍ ഫോറത്തില്‍ മന്ത്രി വെളിപ്പെടുത്തി. 2016 മുതല്‍ സൗദി, ജപ്പാന്‍ വ്യാപാര വിനിമയത്തില്‍ 38 വളര്‍ച്ച കൈവരിച്ചു. സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള വ്യാപാര വിനിമയം 138 ബില്യണ്‍ സൗദി റിയാലിലെത്തിയിട്ടുണ്ട്. ജപ്പാന്‍ സൗദി അറേബ്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയിട്ടുണ്ട്. പതിനെട്ട് ജാപ്പനീസ് കമ്പനികള്‍ റിയാദില്‍ പ്രാദേശിക ആസ്ഥാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ജാപ്പനീസ് കമ്പനികള്‍ക്ക് 120 ലേറെ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ശുദ്ധമായ ഊര്‍ജ പരിവര്‍ത്തന പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ജപ്പാന് ഏറ്റവും കൂടുതല്‍ ഊര്‍ജം നല്‍കുന്ന രാജ്യമായി സൗദി അറേബ്യ തുടരുന്നു. ഒസാക്കയില്‍ നടന്ന എക്‌സ്‌പോ 2025 ലെ സൗദി പവലിയനില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയതായും നിക്ഷേപ മന്ത്രി വെളിപ്പെടുത്തി.



