കണ്ണൂർ– എം.എൻ.വിജയൻ പഠന കേന്ദ്രം കണ്ണൂർ, ഒരിടവേളയ്ക്കു ശേഷം സെക്യുലർ കലണ്ടറുമായി വീണ്ടും രംഗത്ത്. രാഹുവും ഗുളികനും കണ്ടകശനിയും ഒന്നുമില്ലാതെ ഒരു കലണ്ടർ ആണ് 2026 ൽ തങ്ങൾ പുറത്തിറക്കിയത് എന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കെ കെ രമ എം എൽ എ ആദ്യപ്രതി എൻ സുഗതൻ മാഷിന് കൊടുത്ത് കലണ്ടറിന്റെ പ്രകാശനം നിർവഹിച്ചു. പഠനകേന്ദ്രം പ്രസിഡണ്ട് ചൂര്യായി ചന്ദ്രൻ മാഷ് അദ്ധ്യക്ഷത വഹിച്ചു. ഉമേഷ് ബാബു കെ സി, കെ മോഹനൻ, അജീർ സംസാരിച്ചു.
സെക്യുലർ, അഥവാ മതേതരം എന്ന ആശയം ജനാധിപത്യത്തിൻ്റെ പോഷകനദിയാണെന്നും, എല്ലാത്തരം മതവിശ്വാസങ്ങൾക്കും മതം / ദൈവം ഇല്ല എന്ന വിശ്വാസത്തിനും ഒരേ പദവിയാണെന്നും സംഘാടകർ വ്യക്തമാക്കി.
“മത/ജാതി ഭ്രാന്തുകൾ വളർത്തി നാടിനെ വികൃതഭൂമിയാക്കുമ്പോൾ സെക്യുലർ കലണ്ടർ ഒരു പ്രതിരോധമാണ്. അപരവിദ്വേഷ രോഗത്തിന് ശാസ്ത്രീയ ബോധവും ശരിയായ ചരിത്രബോധവുമാണ് ഒറ്റമൂലികൾ. അവയും പരാജയപ്പെടുമ്പോൾ ജനതയെന്ന നിലയിൽ നാം തോറ്റവരാകും.” സംഘാടകർ വിശദീകരിച്ചു.
കലണ്ടർ ആവശ്യമുള്ളവക്ക് 50 രൂപ വിലയിൽ കണ്ണൂരിൽ പഴയ ബസ് സ്റ്റാൻ്റിലുള്ള ഇന്ത്യ ബുക്കിൽ ലഭിക്കുമെന്ന് വി.എസ്. അനിൽകുമാർ അറിയിച്ചു. തപാലിൽ ലഭിക്കാൻ വിളിക്കുക: ബൈജു : 9446651885



