ഗാസ – ഗാസയിൽ വീണ്ടും ദുരന്തം. മധ്യ ഗാസ മുനമ്പിലെ അൽമഗാസി അഭയാർത്ഥി ക്യാമ്പിൽ റെസിഡൻഷ്യൽ കെട്ടിടം തകർന്ന് രണ്ട് ഫലസ്തീനികൾ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധത്തിനിടയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ബഹുനില കെട്ടിടമാണ് തകർന്നു വീണത്. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ സിവിൽ ഡിഫൻസ് ടീമുകൾ തിരച്ചിൽ തുടരുകയാണ്.
ഗാസയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം ശക്തമായ പേമാരിയിലും കാറ്റിലും പെട്ട് ഇരുപതോളം കെട്ടിടങ്ങൾ തകരുകയും പതിനഞ്ചിലധികം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ ഭാഗികമായി തകർന്ന കെട്ടിടങ്ങളിൽ സുരക്ഷാ ഭീഷണി അവഗണിച്ച് കഴിയാൻ ഗാസ നിവാസികൾ നിർബന്ധിതരാവുകയാണ്. കൊടും തണുപ്പിലും മഴയിലും തമ്പുകളിൽ കഴിയുന്നതിനേക്കാൾ ഭേദം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളാണെന്ന് ഇവർ കരുതുന്നു. ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്ന സ്ഫോടനങ്ങൾ കിലോമീറ്ററുകളോളം പ്രകമ്പനം സൃഷ്ടിക്കുന്നതും കെട്ടിടങ്ങളുടെ തകർച്ചയ്ക്ക് വേഗത കൂട്ടുന്നുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് ഇനിയും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മുന്നറിയിപ്പ് നൽകുന്നു.



